സൈന്യം ഇറങ്ങണം; കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ല; അര്‍ജുന്റെ കുടംബം
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിന് സൈന്യം ഇറങ്ങണമെന്ന് കുടുംബം. കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. കാര്യമായ പ്രവര്‍ത്തനം നടക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ സൈന്യം തന്നെ എത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേരളത്തില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുടുംബം കത്തയച്ചു.
നൂറ് മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കുടുംബം സൈന്യത്തിന്റെ സേവനം തേടിയത്. നിലവില്‍ റഡാര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. എന്നാല്‍ ചെളി നിറഞ്ഞ അവസ്ഥ തിരച്ചിലിന് വെല്ലുവിളിയാവുകയാണ്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. ലോറിയുള്ള സ്ഥലം റഡാര്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശയില്‍ മണ്ണെടുപ്പ് നടത്താനാണ് ശ്രമം.
ദുരന്ത സ്ഥലത്തെ മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദുരന്ത സ്ഥലത്ത് സന്ദർശനം നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തുമെന്നാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here