ബന്ദിയാക്കിയ ഇസ്രയേലി പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്; സമയമായെന്ന് മുന്നറിയിപ്പോ? ആശങ്കയിൽ മാതാപിതാക്കൾ

2023 ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം ഗാസയിൽ തടവിലാക്കിയ ഇസ്രയേൽ ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. സായുധ വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സാണ് സൈനികയായ ലിറി അൽബാഗിൻ്റെ (19) വീഡിയോ പങ്കുവച്ചത്. ഗാസ അതിർത്തിയിലെ നഹാൽ ഓസിൽ നിന്ന് മറ്റ് ആറ് സ്ത്രീകളോടൊപ്പമാണ് അൽബാഗിനെ പിടികൂടിയത്. അവരിൽ അഞ്ച് പേർ ഇപ്പോഴും തടവിൽ തുടരുന്നുണ്ട്.
തീയ്യതി രേഖപ്പെടുത്താത്ത വീഡിയോക്ക് മൂന്നര മിനിട്ടാണ് ദൈർഘ്യമുള്ളത്. തൻ്റെ മോചനം ഉറപ്പാക്കാൻ ഇസ്രയേലി സർക്കാരിനോട് ഹിബ്രു ഭാഷയിൽ ലിറി അൽബാഗ് അഭ്യർത്ഥിക്കുന്നതാണ് ഉള്ളടക്കം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ലിറിയുടെ കുടുംബം ആശങ്ക പങ്കുവച്ചു. ഹമാസിൻ്റെ അന്ത്യശാസനമാണ് ഇതെന്നും സർക്കാർ ഇടപെടണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
2023ലെ ഒക്ടോബർ ഏഴ് ആക്രമണത്തിനിടയിൽ 251 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. അവരിൽ 96 പേർ ഗാസയിൽ തടവിൽ തുടരുകയാണ്. 34 പേർ മരിച്ചതായും നേരത്തേ ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ലിറി അൽബാഗ് നിലവിൽ ജീവനോടെ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.
ലിറിയെ ഹമാസ് പിടികൂടുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ല. ഒന്നേകാൽ വര്‍ഷത്തിന് ശേഷം പുറത്തുവന്ന വീഡിയോയുടെ ലക്ഷ്യം വ്യക്തമല്ല. അതേസമയം ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഉള്ള സമാധാന ചർച്ചകൾ വീഡിയോ പുറത്തുവന്ന ഇന്നലെ മുതൽ ഖത്തറിൽ ആരംഭിക്കും എന്നായിരുന്നു ഹമാസിൻ്റെ പ്രതികരണം. എന്നാൽ അതിന് ശേഷം വിവരമൊന്നും ഇല്ല. ചർച്ചയിൽ പങ്കെടുക്കാൻ ഇസ്രയേലി പ്രതിനിധികൾക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here