‘റാംബോ സംഘം’ വയനാട്ടിലേക്ക്; എത്തുന്നത് എൻഡിആർഎഫിന്‍റെ ഏറ്റവും മികച്ച സ്നിഫർ നായ്ക്കള്‍

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡും. ദുരന്തഭൂമിയിൽ മനുഷ്യരും യന്ത്രങ്ങളും നിസഹായരാകുമ്പോൾ ഇത്തരം സ്നിഫർ നായ്ക്കളുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്.

തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് എൻഡിആർഎഫ് സംഘം നടത്തിയ ‘ഓപ്പറേഷൻ ദോസ്ത്’ രക്ഷാ പ്രവർത്തനത്തിൽ റാംബോ, ജൂലി, റോമിയോ, ഹണി എന്നീ നായ്ക്കളുടെ സേവനം ലോക ശ്രദ്ധ നേടിയിരുന്നു. ടൺ കണക്കിന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആറ് വയസുകാരിയെ രക്ഷിച്ചത് എൻഡിആർഎഫിൻ്റെ ഡോഗ് സ്ക്വാഡായിരുന്നു.

ഇന്ത്യന്‍ ആര്‍മിയുടെ മീററ്റിലെ റിമൗണ്ട് വെറ്ററിനറി കോർപ്സ് സെൻ്ററിൽ പരിശീലനം നേടിയ ബെൽജിയൻ മാലിനോയിസ്, ലാബ്രഡോർ, ജർമൻ ഷെപ്പേർഡ് തുടങ്ങിയ മുന്തിയ ഇനം ആർമി നായ്ക്കളാണ് വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് എത്തുന്നത്. ഈ സംഘം മേപ്പാടിയിലേക്ക് തിരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

ദുരന്തമുഖത്ത് പ്രവർത്തിക്കാൻ പ്രത്യേകം പരിശീലനം സിദ്ധിച്ച നായക്കളെയാണ് കേരളത്തിലേക്ക് അയക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ സ്ഥീരീകരിച്ചു. സംസ്ഥാനത്ത് മുമ്പ് സമാനമായ രക്ഷാപ്രവർത്തനങ്ങളിൽ ഇവയെ ഉപയോഗിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് കണ്ടെത്തൽ, അടിയന്തര രക്ഷാപ്രവർത്തനം എന്നിവയിൽ നിർണായക പങ്കു വഹിക്കുന്നവയാണ് ഈ ഡോഗ് സ്ക്വാഡ്.

മണ്ണിനടിയിൽ ജിവൻ്റെ അടയാളങ്ങളുണ്ടോ എന്ന് തിരിച്ചറിയാനും മൃതദേഹങ്ങൾ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾക്ക് ഇവരുടെ സഹായം നിർണായകമാകും. മണ്ണിനടിയിലെ ജീവൻ്റെ അടയാളങ്ങൾ മണത്തറിയാൻ പ്രാവീണ്യം നേടിയ നായ്ക്കളാണ് യൂണിറ്റിലുള്ളത്. സംസ്ഥാന സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരമാണ് പ്രതിരോധ വകുപ്പ് ഡോഗ് സ്ക്വാഡിൻ്റെ സേവനം ലഭ്യമാക്കിയത്.

സംസ്ഥാന സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പും (എംഇജി) എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കുക.

നേവിയുടെ 50 അംഗ സംഘവും ദുരന്തഭൂമിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ട്. അതീവ ദുഷ്‍കരമായ ​മേഖലയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും വടംകെട്ടി സാഹസികമായാണ് സൈനികർ കരക്കെത്തിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top