താല്ക്കാലിക പാലം നിർമിച്ച് രക്ഷാദൗത്യം വേഗത്തിലാക്കി സൈന്യം; മുണ്ടക്കൈയില്‍ പ്രതികൂലമായി മഴയും കോടമഞ്ഞും

ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി സൈന്യം. മുണ്ടക്കൈ പുഴയിൽ താല്ക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആർമിയും ഫയർഫോഴ്സും ചേർന്നാണ് പാലം നിർമിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം ഇനി വേഗത്തിലാകും. ഇതുവരെ നേവിയുടെ റിവർ ക്രോസിംഗ് ടീം വടം കെട്ടിയാണ് ആളുകളെ രക്ഷിച്ചിരുന്നത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരിച്ചുപോയ ഹെലികോപ്റ്ററും ദുരന്തബാധിത പ്രദേശത്ത് ഇറക്കിയിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ മുണ്ടക്കൈയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അവരെ ആകാശമാർഗവും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. ജീപ്പിൽ പുഴക്കരികിൽ എത്തിച്ച നിരവധി പേർ ഇപ്പോഴും ഹെലികോപ്റ്ററിനായി കാത്ത് നിൽക്കുകയാണ്.
പ്രതികൂല കാലാവസ്ഥയിലും ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളുമായിട്ടാണ് എൻഡിആർഎഫ് സംഘവും സൈന്യവും ദുരന്തഭൂമിയിലുള്ളത്. ഉടൻ ആർമി ഡോഗ് സ്ക്വാഡും വയനാട്ടിൽ എത്തി തിരച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് പുലർച്ചെ ഒരു മണിയോടെ മഴയ്ക്കിടയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടുകയായിരുന്നു. പിന്നീട് ഇന്നും പകലും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ട് ഉരുൾപൊട്ടിയിരുന്നു. ഇതുവരെ 120 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. ഇതിൽ 7 പേർ കുട്ടികളാണ്. 98 പേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here