തൽക്കാലം അറസ്റ്റിൽ നിന്നൊഴിവായി വെള്ളാപ്പള്ളി; വാറണ്ട് സ്റ്റേചെയ്ത് ഹൈക്കോടതി
എസ്എൻഡിപി യൂണിയന് കീഴിലെ കോളജുകളുടെ മാനേജറെന്ന നിലയിൽ വെളളാപ്പള്ളി നടേശനെതിരെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. വർക്കല ശ്രീ നാരായണ ട്രെയിനിംഗ് കോളജിലെ അധ്യാപകനെതിരായ അച്ചടക്ക നടപടിയാണ് വെള്ളാപ്പള്ളിക്ക് വിനയായത്.
അകാരണമായി പിരിച്ചുവിട്ട അധ്യാപൻ ഡോ.പ്രവീണിനെ തിരിച്ചെടുക്കാൻ കേരള സർവകലാശാലയും അപ്പലറ്റ് ട്രിബ്യൂണലും നിർദേശിച്ചു. കോളജ് മാനേജ്മെൻ്റ് പലവട്ടം ഇത് അവഗണിച്ചതോടെ അധ്യാപകൻ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. ഇതോടെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ജൂൺ മാസത്തിൽ ട്രിബ്യൂണൽ വീണ്ടും ഉത്തരവിറക്കി. ഇതും പാലിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മാനേജറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ അഡീഷണൽ ജില്ലാ ജഡ്ജി കൂടിയായ ജോസ് എൻ.സിറിൾ ഉത്തരവിട്ടത്. അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു.
ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ എത്തിയത്. ജസ്റ്റിസ് ടി.ആർ.രവിയാണ് സ്റ്റേ അനുവദിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here