DCC പ്രസിഡൻ്റിന് അറസ്റ്റ് വാറൻ്റ്; നാട്ടകം സുരേഷിന് വായ്പാകുടിശിക 27ലക്ഷം

കോട്ടയം: സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ അറസ്റ്റ് വാറന്റ്. നാട്ടകം സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആറ് വർഷം മുൻപ് എടുത്ത ലോൺ അടക്കാത്തതിനെതിരെയാണ് നടപടി. 2017 മെയിലാണ് 15 ലക്ഷം രൂപ വായ്പ എടുത്തത്.
പോലീസും കോടതി ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്യാൻ ഡിസിസി ഓഫീസിൽ എത്തിയിരുന്നു. പക്ഷെ പ്രസിഡന്റ് ഇല്ലാതിരുന്നതിനാൽ അറസ്റ്റ് നടന്നില്ല. പിന്നീട് 10 ലക്ഷം രൂപ ബുധനാഴ്ച അടക്കാമെന്ന് വക്കീൽ മുഖാന്തരം അറിയിച്ചു. വായ്പ തുകയ്ക്ക് തുല്യമായ വസ്തു ഈട് വച്ചാണ് വായ്പ എടുത്തത്. കോടതിയിൽ ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പോലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും നാട്ടകം സുരേഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
പലിശയും പിഴപ്പലിശയും അടക്കം 27 ലക്ഷം രൂപയിലധികം തിരിച്ചടക്കാനുണ്ടെന്നാണ് വിവരം. ഭവനവായ്പ തിരിച്ചടക്കാത്തതിന് പലവട്ടം ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിരുന്നു. ഒന്നിനും മറുപടി ഇല്ലാതെ വന്ന സാഹചര്യത്തിലാണ് ബാങ്ക് കോടതിയെ സമീപിച്ചത്. ഒരാഴ്ച മുൻപ് കോട്ടയം സബ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. വീട്ടിലും ഓഫീസിലും പലതവണ പോലീസ് എത്തിയെങ്കിലും സുരേഷിനെ കാണാൻ സാധിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here