‘വെള്ളാപ്പള്ളി നടേശനെ അറസ്റ്റുചെയ്ത് ഹാജരാക്കണം’; യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ ഉത്തരവ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു
എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ യോഗത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലക്കാരനാണ് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിലുണ്ടായ ഒട്ടേറെ ക്രിമിനൽ കേസുകളെയെല്ലാം അതിജീവിച്ച വെള്ളാപ്പള്ളിക്ക് ഒടുവിൽ വെല്ലുവിളി ആയിരിക്കുന്നത് ഒരു കോളജ് അധ്യാപക നിയമന കുരുക്കാണ്. വർക്കല ശ്രീ നാരായണ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ ഡോ.പ്രവീണിനെ അകാരണമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പിരിച്ചുവിട്ട നടപടിക്കെതിരെ ഡോ.പ്രവീൺ യൂണിവേഴ്സിറ്റിയെ സമീപിച്ചു. തിരിച്ചെടുക്കാനായിരുന്നു നിർദേശം. എന്നാൽ ഇതിന് തയ്യാറാകാതെ മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് ഹൈക്കോടതി തിരിച്ചയച്ചു. ഇതോടെ ഗത്യന്തരമില്ലാതെ മാനേജ്മെൻ്റ് ട്രിബ്യൂണലിലെത്തി. ഇവിടെയും കേസ് അധ്യാപകന് അനുകൂലമായി. തിരിച്ചെടുക്കണമെന്നും സർവീസ് ആനുകൂല്യങ്ങൾ എല്ലാം നൽകണമെന്നും ആയിരുന്നു ഫെബ്രുവരി അഞ്ചിലെ ഉത്തരവ്.
ഇതിനെതിരെ കോളജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രിബ്യൂണലിൻ്റെ ഉത്തരവ് റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്തില്ല. എന്നാൽ ഇത് നടപ്പാക്കാതെ മാനേജ്മെൻ്റ് നീക്കിക്കൊണ്ട് പോയപ്പോൾ ഉത്തരവിൻ്റെ കാലാവധി തീർന്ന് കാലഹരണപ്പെട്ടു. ഇതോടെ പരാതിക്കാരൻ ഡോ.പ്രവീൺ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. തിരിച്ചെടുക്കാനുളള ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ജൂൺ മാസത്തിൽ ട്രിബ്യൂണൽ വീണ്ടും ഉത്തരവിറക്കി. ഇതും പാലിക്കാതെ വന്നതോടെയാണ് മാനേജർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെ ‘മാനേജർ, ശ്രീനാരായണ ട്രെയിനിങ് കോളജ്’ എന്നാണ് ഉത്തരവിലെ പരാമർശം.
തിരിച്ചെടുക്കാൻ ട്രിബ്യൂണൽ അവസാന ഉത്തരവ് നൽകിയ ശേഷം ജോലിയിൽ തിരിച്ചുകയറാൻ പ്രവീൺ അപേക്ഷ നൽകിയിരുന്നു. എന്നിട്ടും കോളജിൻ്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ല. അതേസമയം ഈ ഉത്തരവ് കോളേജ് മാനേജറായ വെള്ളാപ്പള്ളി നടേശൻ കൈപ്പറ്റിയെന്ന് കോടതി കണ്ടെത്തി. ഉത്തരവിറക്കി ആറുമാസമായിട്ടും നടപ്പാക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മാനേജറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ അഡീഷണൽ ജില്ലാ ജഡ്ജി കൂടിയായ ജോസ് എൻ.സിറിളിൻ്റെ ഉത്തരവ്. അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here