ആന ആക്രമിച്ച മാവോയിസ്റ്റ് സംഘത്തിൽ ആറുപേർ; എല്ലാവരുടെയും കയ്യിൽ തോക്ക്, പക്ഷെ പ്രയോഗിക്കാൻ കഴിഞ്ഞില്ല; പരുക്കേറ്റ സുരേഷിൻ്റെ മൊഴിയുടെ വീഡിയോ മാധ്യമ സിൻഡിക്കറ്റിന്

കണ്ണൂര്‍: ആന ചവിട്ടി പരുക്കേറ്റതോടെ തന്നെ ഉപേക്ഷിച്ച് കൂടെയുണ്ടായിരുന്നവര്‍ കടന്നു കളഞ്ഞതില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് സുരേഷ് തീര്‍ത്തും നിരാശന്‍. പരുക്കേറ്റ സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പോലീസ് വിവരങ്ങൾ ശേഖരിക്കുന്നത് ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. നിരാശ കലര്‍ന്ന സ്വരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും സുരേഷ് മറുപടി നല്‍കുന്നു. വീഡിയോ ‘മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു’. എന്തിനാണ് ഇവര്‍ക്കൊപ്പം നടന്നതെന്നും അവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞില്ലേ എന്നുമുള്ള ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുകയാണ്. പരുക്കിൽ നിന്നുള്ള വേദന കടിച്ചമർത്തിയാണ് മറുപടികൾ. ആനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുരേഷിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികില്‍സ. ഇവിടെ സായുധ പോലീസിനെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണ്.

നിലവിലെ കേരളത്തിലെ കബനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ണാടക ചിക്കമംഗളൂരു സ്വദേശിയാണ് സുരേഷ്. ഉള്‍ക്കാട്ടില്‍ വച്ച് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഇയാളെ സഹപ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ കാടിന് പുറത്ത് എത്തിച്ചത്. താനുള്‍പ്പെടെ ആറു പേരാണ് സംഘത്തിലുള്ളത് എന്നാണ് മൊഴി. ഇതില്‍ രണ്ട് സ്ത്രീകളുണ്ട്. പന്ത്രണ്ട് പേരല്ലേ വനത്തിലുള്ളത് എന്ന ചോദ്യത്തിന് ആറുപേരേ ഉള്ളൂവെന്നാണ് വീണ്ടും മറുപടി. താന്‍ വിവാഹിതനാണെന്ന് പറയുന്ന സുരേഷ് പക്ഷെ ഭാര്യ മാവോയിസ്റ്റ് സംഘത്തിൽ ഇല്ല എന്നാണ് പോലീസിനോട് പറയുന്നത്. ഇത് പൂര്‍ണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ആരോഗ്യം വീണ്ടെടുത്ത ശേഷം സുരേഷിനെ വിശദമായി ചോദ്യം ചെയ്യും.

സ്ട്രച്ചറില്‍ കിടന്നുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. കർണാടകയിൽ നിന്ന് 2011ൽ കേരളത്തിലെ കാടുകളിലേക്ക് മാറിയ മുതിർന്ന മാവോയിസ്റ്റായ സുരേഷിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം കിട്ടിയിട്ടുണ്ട്. ആന ആക്രമിക്കുമ്പോൾ കയ്യിൽ തോക്ക് ഉണ്ടായിരുന്നു. പക്ഷെ പ്രയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നത്. 48 വയസാണെന്ന് ചോദ്യത്തിന് മറുപടിയായി പറയുന്നു. അമ്മയും അക്കയും വീട്ടിലുണ്ട്. എന്തിനാ ഈ പണിക്ക് ഇറങ്ങുന്നത്, അവരെല്ലാം രക്ഷപെട്ടുപോയില്ലേ എന്ന് ഉദ്യോഗസ്ഥർ ചോദിക്കുന്നുണ്ട്… നിസഹായതോടെയുള്ള നോട്ടമല്ലാതെ മറുപടിയൊന്നുമില്ല.

കര്‍ണാടകയിലെ കരാവലി ദളത്തില്‍ അംഗമായിരുന്ന സുരേഷ് 2011ലാണ് കേരളത്തിലെ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. അടുത്തയിടെ കാട്ടില്‍ പോലീസിന്റെ വെടിയേറ്റ കവിത എന്ന മാവോയിസ്റ്റിനെ ഒപ്പം ഉണ്ടായിരുന്നവര്‍ കാട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തിരുന്നു. കാട് വളഞ്ഞ് തണ്ടര്‍ ബോള്‍ട്ട് സംഘമുണ്ട്. അതുകൊണ്ട് പഴയത് പോലെ പരിക്കേല്‍ക്കുന്നവരെ കോയമ്പത്തൂരില്‍ എത്തിച്ച് ചികിൽസിക്കാൻ കഴിയുന്നില്ല. ഇതാണ് സുരേഷിനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് കരുതുന്നത്.

ഇയാളെയും കൊണ്ട് ആറംഗ സംഘമാണ് വെള്ളിയാഴ്ച വൈകിട്ടോടെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടിന് സമീപം സുരേഷിനെ കിടത്തിയ ശേഷം മാവോയിസ്റ്റ് സംഘം രക്ഷപെടുകയായിരുന്നു. ആയുധങ്ങളേന്തിയ ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേഷിനെ പൊലിസും വനം വകുപ്പുമെത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എട്ടുവര്‍ഷം മുന്‍പ് ലത എന്ന മാവോയിസ്റ്റ് കാട്ടില്‍ ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായി കനത്ത തിരിച്ചടികള്‍ ആണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ഉണ്ടാകുന്നത്. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന മുതിര്‍ന്ന നേതാവ് സഞ്ജയ് ദീപക് റാവു ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തെലങ്കാന പോലീസിന്റെ പിടിയിലായത്. കവിത വെടിയേറ്റ് മരിച്ചു. നാലുമാസത്തിനിടെ മറ്റു രണ്ടുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ഇതോടെ മേഖലയിലെ മാവോയിസ്റ്റ് ബലം കുറഞ്ഞുവെന്നാണ് പോലീസ് വിലയിരുത്തല്‍.

Logo
X
Top