സിപിഎം ഓഫീസ് അടിച്ചു തകര്‍ത്ത എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍; 2 ഡിവൈഎഫ്ഐക്കാരും കസ്റ്റഡിയില്‍

കാട്ടാക്കട സിപിഎം ഏര്യാ കമ്മറ്റി ഓഫീസ് ആക്രമണത്തില്‍ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. കിള്ളി സ്വദേശി മുനീർ, പേഴുംമൂട് സ്വദേശി അമീൻ , കിള്ളി സ്വദേശി നിഷാദ്, ചൂണ്ടുപലക സ്വദേശി അൽ അമീൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. അക്രമം രാഷ്ട്രീയ പ്രേരിതമാണോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
നാല് ഇരുചക്ര വാഹനങ്ങളിലായി എത്തിയ സംഘം ഓഫീസ് ആക്രമിക്കുകയും സിപിഎം പ്രവർത്തകർക്കുനേരെ വാൾ വീശിയെന്നുമാണ് ഏര്യാ സെക്രട്ടറി പറയുന്നത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യമാണെന്ന സിപിഎം ആരോപണത്തിനെതിരെ എസ്ഡിപിഐ രംഗത്തെത്തി. ആക്രമണത്തില്‍ പാർട്ടിക്ക് പങ്കില്ലെന്നും പ്രദേശത്ത് സിപിഎമ്മുമായി യാതൊരുവിധ പ്രശ്നവുമില്ലെന്നും മണ്ഡലം പ്രസിഡൻ്റ് ജവാദ് കിള്ളി പറഞ്ഞു.
ഇന്നലെ വൈകിട്ട് ഡിവൈഎഫ്ഐ പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് പാർട്ടി ഓഫീസ് ആക്രമണം നടന്നതെന്നാണ് വിവരം. ഡിവൈഎഫ്ഐ പ്രവർത്തകരായ അമൽ, അഖിൽ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഇവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് എത്തി ജീപ്പിൽ ഇവരെ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് പാർട്ടി ഓഫീസ് ആക്രമിച്ചത്. കിള്ളി സ്വദേശികളായ മുനീർ, അൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പത്തംഗ സംഘം ആണ് ആക്രമണം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here