നിർമ്മാണ തൊഴിലാളിയുടെ മകൻ, ഭക്ഷണത്തിനുപോലും കഷ്ടപ്പെട്ടു; ഇന്ന് പാക്കിസ്ഥാന്റെ ഒളിമ്പിക് ഹീറോ

പാരിസ് ഒളിമ്പിക്സിൽ സ്വർണ മെഡൽ നേട്ടത്തോടെ പാക്കിസ്ഥാനിലെ ഹീറോയായി മാറിയിരിക്കുകയാണ് 27 കാരനായ അർഷദ് നദീം. ജാവലിൻ ത്രോയിൽ 92.97 മീറ്റർ എറിഞ്ഞാണ് അർഷദ് സ്വർണമണിഞ്ഞത്. പാരിസിൽ പാക്കിസ്ഥാന്റെ ഏക മെഡൽ ജേതാവാണ് അർഷദ്.

കഷ്ടപ്പാടുകളോട് പൊരുതിയാണ് അർഷദ് ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ എത്തി നിൽക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ഖാൻവാൾ ഗ്രാമത്തിലാണ് അർഷദിന്റെ കുടുംബമുള്ളത്. പിതാവ് നിർമാണ തൊഴിലാളിയാണ്. ഏഴു മക്കളിൽ മൂന്നാമത്തെ മകനാണ് അർഷദ്. ഭക്ഷണത്തിനുപോലും വളരെ ബുദ്ധിമുട്ടിയാണ് അർഷദിന്റെ കുടുംബം ജീവിക്കുന്നത്. കുടുംബത്തിന്റെ ഏക വരുമാന മാർഗം പിതാവായതിനാൽ വർഷത്തിലൊരിക്കൽ ബലി പെരുന്നാൾ ദിനത്തിൽ മാത്രമാണ് തങ്ങൾക്ക് മാംസം കഴിക്കാൻ കഴിഞ്ഞിരുന്നതെന്ന് അർഷദിന്റെ സഹോദരൻ ഷാഹിദ് അസീം പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അർഷദ് എങ്ങനെ ഇവിടം വരെയെത്തിയെന്ന് പലർക്കും അറിയില്ല. ആദ്യകാലങ്ങളിൽ പരിശീലനത്തിനായി മറ്റു നഗരങ്ങളിലേക്ക് പോകാൻ അവന് ബന്ധുക്കളും ഗ്രാമീണരുമാണ് പണം നൽകിയത്. പാക്കിസ്ഥാനു വേണ്ടി എന്റെ മകന് ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവരാൻ സാധിച്ചാൽ കുടുംബത്തിനും ഗ്രാമത്തിലെ എല്ലാവർക്കും അഭിമാനകരമായ നിമിഷമായിരിക്കുമെന്നാണ് അർഷദിന്റെ പിതാവ് മുഹമ്മദ് അർഷദ് ഫൈനൽ മൽസരത്തിനുമുൻപായി പിടിഐയോട് പറഞ്ഞിരുന്നു. ഒളിമ്പിക്സിലെ അർഷദിന്റെ മെഡൽ നേട്ടം ഒരു ഗ്രാമത്തെ മുഴുവൻ ആഘോഷത്തിലാക്കിയിട്ടുണ്ട്.

പാക്കിസ്ഥാൻ ഏഴു കായികതാരങ്ങളെ മാത്രമാണ് ഇത്തവണ പാരീസിലേക്ക് അയച്ചത്. അതിൽ ആറുപേരും ഫൈനലിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. അതിനാൽതന്നെ അർഷദിന്റെ മെഡൽ നേട്ടം രാജ്യത്തിന് അഭിമാനകരമാണ്. 32 വർഷത്തിനുശേഷമാണ് ഒരു ഒളിമ്പിക്സ് മെഡൽ രാജ്യത്തിലേക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here