തൊഴിൽ തിന്നുന്ന ബകനെ സിപിഎം മറന്നു!! സോഷ്യലിസം അപ്പം പോലെ കിട്ടുമെന്ന് കരുതേണ്ടാ, AI മൂത്താൽ സോഷ്യലിസം പൂത്തുലയുമെന്നും ഗോവിന്ദൻ

എഐ ടെക്നോളജി വളർന്നാൽ അത് സോഷ്യലിസത്തിന് മുതൽക്കൂട്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഐ വളർന്നാൽ പിന്നെ സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കും. ഈ സാഹചര്യത്തിൽ മാർക്സിസത്തിന് കാര്യമായ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് ഏരിയ കമ്മറ്റി ഓഫിസിൽ ചുമർ ശിൽപ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരിന്നു പാർട്ടി സെക്രട്ടറി.

മുമ്പ് തൊഴിൽ നഷ്ടപ്പെടുമെന്ന കാരണത്താൽ കമ്പ്യൂട്ടറിനെ തളളി നിലപാടെടുത്ത സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ അണികളിലും അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ‘കമ്പ്യൂട്ടർ: തൊഴിൽ തിന്നുന്ന ബകൻ’ എന്ന ലഘുലേഖ പാർട്ടിയുടെ നേതൃത്വത്തിൽ എഴുപതുകളിൽ കേരളത്തിലെമ്പാടും സിപിഎം പ്രചരിപ്പിച്ചിരുന്നു. എഐ വരുന്നതോടെ ലോകത്തുള്ള നിരവധി പേർക്ക് ജോലി നഷ്ടമാകും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ഗോവിന്ദൻ്റെ പ്രതികരണം. സോഷ്യലിസവും എഐയുമായി എന്ത് ബന്ധം എന്ന മുറുമുറുപ്പും പരിപാടിയില്‍ നിന്നും പങ്കെടുത്തവരിൽ നിന്നും ഉയർന്നു.

കമ്പ്യൂട്ടറിനെതിരെയും മൊബൈൽ ഫോണിനെതിരെയും സമരം നടത്തിയവർ ഇപ്പോൾ ലാപ്ടോപ്പും ആപ്പിൾ ഐഫോണും ഉപയോഗിക്കുന്നു എന്ന വിമർശനം രാഷ്ട്രീയ എതിരാളികൾ ആവർത്തിക്കുന്നതിന് ഇടയിലാണ് പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന. സോഷ്യൽ മീഡിയയിയിലെ ട്രോളൻമാർ ഇതിനോടകം ഗോവിന്ദൻ്റെ പരാമർശം ഏറ്റെടുത്ത് കഴിഞ്ഞു. ഗോവിന്ദൻ്റെ പുതിയ താത്വിക അവലോകനം എന്ന പേരിൽ പ്രതിക്ഷ, ബിജെപി ഹാൻഡിലുകളും പരാമർശത്തെ ആഘോഷമാക്കുന്നുണ്ട്.

എഐ സാങ്കേതിക വിദ്യ വളർന്നാൽ മാർക്സിസത്തിന് എന്തു പ്രസക്തിയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. എഐയുടെ വളർച്ച മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനമെന്നു പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായി തീരുകയെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.

ഇതിനു ചിലപ്പോൾ നൂറോ ഇരുന്നൂറോ വർഷങ്ങൾ എടുക്കും. സാമൂഹിക പരിവർത്തനം എന്ന് പറഞ്ഞാൽ ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്നു വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയും. അപ്പോൾ അധ്വാനിക്കുന്ന വർഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുന്നതെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.

എഐ തൊഴിൽ എടുക്കാൻ തുടങ്ങുന്നതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. സ്വത്ത് വാങ്ങാൻ ആളില്ലാതാകുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top