യാത്രയയപ്പ് യോഗത്തിന് ക്ഷണിക്കേണ്ടത് താനല്ലെന്ന് കണ്ണൂര്‍ കളക്ടര്‍; എഡിഎമ്മിന്റെ കുടുംബത്തിന് കത്തയച്ചത് ദുഃഖത്തില്‍ പങ്ക് ചേരാന്‍
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ക്ഷണിച്ചിരുന്നോ എന്ന കാര്യത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗമായിരുന്നു അത്. യോഗത്തിലേക്ക് അവരാണ് ക്ഷണിക്കേണ്ടത്. അല്ലാതെ താനല്ല ക്ഷണം നല്‍കേണ്ടത്. എന്നാല്‍ ദിവ്യയെ നേരിട്ട് ക്ഷണിച്ചോ എന്ന കാര്യത്തില്‍ വ്യക്തമായി മറുപടി നല്‍കാന്‍ കളക്ടര്‍ തയ്യാറായില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ പ്രതികരണം സാധ്യമല്ലെന്നും ഇതെല്ലാം അന്വേഷണ വിഷയമാണെന്നും കളക്ടര്‍ പ്രതികരിച്ചു.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന് കളക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് പോയതെന്ന ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ പരാമര്‍ശത്തിന് നേരെ വിപരീതമായാണ് കളക്ടറുടെ പ്രതികരണം. നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നാണെന്നും കളക്ടര്‍ പ്രതികരിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയില്‍നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയത്.
എഡിഎമ്മിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലാണ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് ശേഷമാണ് ദിവ്യ ഒളിവില്‍ പോയത്. അതുകൊണ്ട് തന്നെ ദിവ്യയെ ചോദ്യം ചെയ്യാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചില്ല. എഡിഎമ്മിന്റെ മരണം വിവാദമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ നീക്കി സിപിഎം നടപടി എടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ എഡിഎമ്മിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിനു ആദ്യം എന്‍ഒസി നല്‍കാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് എങ്ങനെയാണ് എന്‍ഒസി നല്‍കിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഈ പരിപാടി കഴിഞ്ഞാണ് ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. മരണത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here