വ്യാജ വാഗ്ദാനങ്ങള്‍ കൊടുത്ത് ബ്ലാക്ക് മാജിക് സംഘം വല്ലാതെ തെറ്റിദ്ധരിപ്പിച്ചു; മക്കള്‍ കുടുങ്ങിയത് അറിയാതെ കുടുംബങ്ങള്‍; മൂവര്‍ സംഘത്തിന്റെ അരുണാചലിലെ മരണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: മലയാളി ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത. ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം സ്വദേശി നവീനും ഭാര്യ ദേവിയും സുഹൃത്തായ അധ്യാപിക വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യയുമാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ ബ്ലാക്ക് മാജിക്കിന്റെ പിടിയില്‍ പെട്ടത് അറിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരമാണെന്നുമാണ് ദേവിയുടെ കുടുംബം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. മരിച്ചാല്‍ ഇതേ കുടുംബത്തില്‍ തന്നെ ജനിക്കുമെന്ന് പോലും ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ബ്ലാക്ക് മാജിക്കില്‍ ആകൃഷ്ടരാക്കി. ഇതിനെ തുടര്‍ന്നാണ് ഈ ദുരന്തം വന്നതെന്ന് കുടുംബം ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരത്തെ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ ഒരേ ഒരു മകളാണ് മരിച്ച ദേവി.
ഇന്ന് മൂന്നരയ്ക്കാണ് മരണവിവരം അറിഞ്ഞത്. തന്റെ അടുത്ത ബന്ധുവായ ബാലന്‍ മാധവന്റെ മകളാണ് മരിച്ച ദേവി-സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ബ്ലാക്ക് മാജിക്കിന്റെ പിടിയില്‍പെട്ടാണ് ഈ ദുരന്തം വന്നത്. ഞങ്ങള്‍ ഇപ്പോഴാണ് ഇവര്‍ ബ്ലാക്ക് മാജിക്കിന്റെ പിടിയില്‍പ്പെട്ടിരുന്നുവെന്ന് അറിയുന്നത്. അറിവും വിദ്യാഭ്യാസവുമുള്ളവര്‍ ഇങ്ങനെ ആയാല്‍ എന്താണ് ചെയ്യാന്‍ കഴിയുക. പെട്ടെന്ന് മരിച്ചാല്‍ ഈ അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കും എന്ന് അവളോട് പറഞ്ഞിരുന്നു എന്നാണ് അറിഞ്ഞത്. പോലീസ് കണ്ടെടുത്തതും അതുപോലുള്ള കാര്യങ്ങളാണ്.”
“ഒപ്പം മരിച്ച പെണ്‍കുട്ടി ആര്യയുടെ വിവാഹം വരുന്ന മൂന്നിനാണ്. ഇവരുടെ നീക്കങ്ങളില്‍ എല്ലാം തന്നെ ദുരൂഹതയുണ്ട്. മകളെ വല്ലാതെ സ്നേഹിച്ചവരായിരുന്നു ബാലന്‍മാധവനും ഭാര്യയും. അരുണാചലിലെ എസ്പി ബാലന്‍ മാധവന്റെ ഫോണില്‍ വിളിച്ചാണ്മരണവിവരം പറഞ്ഞത്. മൂന്ന് മൃതദേഹങ്ങള്‍ ഹോട്ടല്‍ മുറിയിലുണ്ട്. അതിലൊന്ന് നിങ്ങളുടെ മകളാണ് എന്നാണ് കമ്മീഷണര്‍ വിളിച്ച് പറഞ്ഞത്. പെട്ടെന്ന് ഒരച്ഛന്‍ ഇത് കേള്‍ക്കുമ്പോഴുള്ള ഒരവസ്ഥ…. വല്ലാത്ത ഷോക്കാണ് ഈ മരണങ്ങള്‍.” – സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ പഠിക്കുമ്പോഴാണ് നവീനും ആര്യയും പ്രണയബദ്ധരായത്. വ്യത്യസ്ത മതത്തില്‍പ്പെട്ടെങ്കിലും സന്തോഷത്തോടെയാണ് ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയത്. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ല. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
നവീന്റെ വീട് കോട്ടയത്താണ്. ഈയിടെയായി തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള ഇവരുടെ വരവ് വളരെ കുറഞ്ഞിരുന്നു. ദേവിയുടെ കുടുംബവുമായി നവീനും ദേവിയും അകല്‍ച്ചയിലായിരുന്നു. ഒരു വര്‍ഷമായി വീട്ടിലേക്ക് വന്നിട്ടില്ല. എന്താണ് അതിന്റെ കാരണമെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
ബാലന്‍ മാധവന്റെ സഹോദരന്‍ നാളെ അരുണാചലിലേക്ക് പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here