മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ ദുർമന്ത്രവാദ സാധ്യത സംശയിച്ച് അരുണാചൽ പ്രദേശ് പോലീസ്; കേസ് പ്രത്യേക സംഘം അന്വേഷിക്കും

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളായ നവീനിന്റെയും ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മരണത്തിന് പിന്നിൽ ദുർമന്ത്രവാദ ബന്ധമെന്ന് സംശയിച്ച് അരുണാചൽ പ്രദേശ് പോലീസ്. ദുർമന്ത്രവാദ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്ന് ലോവർ സുബാൻസിരി എസ് പി കെനി ബാഗ്ര മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരളാ പോലീസുമായി സഹകരിക്കുമെന്നും എസ് പി പറഞ്ഞു.
“മാർച്ച് 28ന് ഹോട്ടലിൽ റൂം എടുത്തവർ മൂന്ന് ദിവസം പുറത്തായിരുന്നു. നവീനിന്റെ തിരിച്ചറിയൽ രേഖകളാണ് ഹോട്ടലിൽ നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നാണ് പറഞ്ഞത്. ഏപ്രിൽ ഒന്നിന് ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്തിനാണ് സിറോ താഴ്‌വരയിൽ എത്തിയതെന്നും മുൻപും അരുണാചലിൽ വന്നിരുന്നോ എന്നും പരിശോധിക്കും”; എസ് പി പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് ഇവര്‍ അരുണാചലിലേക്ക് യാത്ര നടത്തിയതായി കുടുംബം പറഞ്ഞിരുന്നു. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലന്‍ മാധവനാണ് ദേവിയുടെ പിതാവ്.
ആര്യയെയും ദേവിയെയും കൊന്ന് നവീന്‍ ജീവനൊടുക്കിയെന്നാണ് അരുണാചൽ പോലീസ് സംശയിക്കുന്നത്. ആര്യയെ ഈ ദമ്പതികള്‍ അടിമയെപ്പോലെ ഉപയോഗിച്ചോ എന്ന സംശയം വട്ടിയൂര്‍ക്കാവ് പോലീസിനുണ്ട്. കേസിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ആര്യയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ആര്യയുടെ വിവാഹം മെയ് ഏഴിന് നടക്കാനിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി ഇറ്റാനഗറിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബന്ധുക്കളും കേരളാ പോലീസും ഇന്ന് വൈകുന്നേരം ഇറ്റാനഗറിലെത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here