കേജ്‌രിവാളിൻ്റെ കുടുംബം വീട്ടുതടങ്കലില്‍ എന്ന് എഎപി; ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നു; അറസ്റ്റ് അമ്പരപ്പിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ

ഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ എഎപി ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധം തുടരുകയാണ്. ഡിഡി മാര്‍ഗില്‍ സുരക്ഷ മുന്‍ നിര്‍ത്തി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേജ്‌രിവാളിൻ്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. കേജ്‌രിവാളിനെയും കുടുബത്തേയും കാണാന്‍ അഭിഭാഷകനെ അനുവദിക്കണമെന്നും ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യാൻ അനുവദിക്കണമെന്നും സുപ്രീം കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് പെറ്റീഷന്‍ ആണെങ്കില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കേണ്ടി വരുമെന്നാണ് ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയോട് പറഞ്ഞത്.
കേജ്‌രിവാളിനെതിരെ തെളിവില്ലെന്ന് പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷൺ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് അമ്പരപ്പിക്കുന്നതാണെന്നും പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു. അറസ്റ്റില്‍ പ്രതികരണവുമായി ബിജെപിയും രംഗത്തുണ്ട്. “ഇഡി സമന്‍സിനോട് പ്രതികരിക്കേണ്ടത് കേജ്‌രിവാളിന്‍റെ ധാർമിക ഉത്തരവാദിത്തമാണ്. 9 തവണ സമൻസ് അയച്ചിട്ടും സ്വമേധയാ ഇഡി അറസ്റ്റ് ചെയ്തില്ല. മദ്യ അഴിമതിയിലെ പണം ഗോവ തെരഞ്ഞെടുപ്പ് ഫണ്ടായി ഉപയോഗിച്ചത് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇത് അവഗണിച്ച് ഇരയുടെ കാർഡ് കളിച്ചത് തെറ്റാണ്.” ബിജെപി വക്താവ് ഷൈന എൻസി പറഞ്ഞു.
കേജ്‌രിവാളിനെതിരെയുള്ള തെളിവുകള്‍ ഇഡി വിചാരണക്കോടതിയില്‍ ഇന്ന് ഹാജരാക്കും. ഗോവ തെരഞ്ഞെടുപ്പിൽ മത്സരിച്ച എഎപി സ്ഥാനാർഥികളുടെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം നൽകിയെന്നാണ് ഈ സ്ഥാനാർത്ഥികൾ ആരോപിച്ചത്. മദ്യനയ അഴിമതിയിൽ എഎപിക്ക് ലഭിച്ച അതേ പണമാണിത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഡൽഹിമദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍മന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കേജ്‌രിവാളും അറസ്റ്റിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here