ആപ്പിന്റെ ‘മിശിഹാ’യെ ജനം അടിച്ചോടിച്ചത് വെറുതെയല്ല!! കേജ്‌രിവാള്‍ വെറും മുക്കുപണ്ടം ആയിരുന്നോ?
![](https://www.madhyamasyndicate.com/wp-content/uploads/2024/03/kejariwal-arrest-.jpeg)
മിശിഹ എന്ന എബ്രായ (ഹീബ്രൂ) വാക്കിന് അഭിഷിക്തനെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. ബൈബിള്‍ അനുസരിച്ച് യെഹൂദര്‍ക്ക് വരാനിരുന്ന മിശിഹ ആയിരുന്നു യേശു ക്രിസ്തു. ഡല്‍ഹി നിവാസികള്‍ അരവിന്ദ് കേജ്‌രിവാള്‍ എന്ന ബ്യൂറോക്രാറ്റിനെ തങ്ങളുടെ മിശിഹ ആയിട്ടാണ് സ്വീകരിച്ചതും വാഴ്ത്തിയതും. അവരുടെ മിശിഹ വെറും മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ അയാളെ തിരഞ്ഞെടുപ്പില്‍ ആട്ടിപ്പായിച്ചു. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് തിരിച്ചറിയാന്‍ ജനം പതിനഞ്ചു വര്‍ഷം എടുത്തു എന്നുമാത്രം.
2011ലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് കട്ടിക്കണ്ണടയും, കഴുത്തില്‍ മഫ്‌ളറും, അയഞ്ഞ സ്വറ്ററും ധരിച്ച് നീല മാരുതി വാഗണര്‍ കാറില്‍ ഗാസിയബാദില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ് ) ഉദ്യോഗസ്ഥനായ അരവിന്ദ് കെജരിവാള്‍ എന്ന 40 കാരന്റെ കണ്ണുകളില്‍ വല്ലാത്ത തീക്ഷണത നിറഞ്ഞിരുന്നു. ഐആര്‍എസ് വലിച്ചെറിഞ്ഞ് രാജ്യത്തെ കാര്‍ന്നു തിന്നുന്ന അഴിമതിക്കെതിരെ പോരാടാനുള്ള ഉത്കടമായ വാഞ്ഛ അയാളിലുണ്ടായിരുന്നു. ഐഐടിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് കേജ്‌രിവാള്‍ എത്തപ്പെട്ടത്. അവിടെ നിന്നും രാഷ്ട്രീയത്തിലേക്കും.
അഴിമതിക്കെതിരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ കുന്തമുനയായി മാറാന്‍ കേജ്‌രിവാളിന് അനായാസം കഴിഞ്ഞു. അധികാരവും അഴിമതിയും അതിന്റെ എല്ലാ ബീഭത്സഭാവത്തിലും രാജ്യതലസ്ഥാനത്തിന്റെ തൂണിലും തുരുമ്പിലും പിടിമുറുക്കി നാടിനെ വിഴുങ്ങുമെന്ന ഘട്ടത്തിലാണ് അണ്ണാ ഹസാരെ എന്ന മുന്‍ ഗാന്ധിയനൊപ്പം 2011ൽ ഡല്‍ഹിയിലെ റാംലീലാ മൈതാനിയില്‍ കേജ്‌രിവാളും കൂട്ടരും സത്യഗ്രഹമിരുന്നത്. പിന്നെ നടന്നതെല്ലാം ചരിത്രമായിരുന്നു. അത് അവസാനിച്ചത് വലിയ നാണംകെട്ട തോല്‍വിയിലും.
അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ പിന്നണിയില്‍ സംഘപരിവാറിന്റെ ദൃശ്യവും അദൃശ്യവുമായ കരങ്ങളുണ്ടായിരുന്നു. തുടക്കത്തിലാരും അത് തിരിച്ചറിഞ്ഞില്ല – അറിഞ്ഞവര്‍ പുറത്തു പറഞ്ഞതുമില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്‍മോഹന്‍ സര്‍ക്കാരിനെതിരെ ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടേയിരുന്നു. ഈ ആരോപണങ്ങളൊന്നു പോലും തെളിയിക്കാനോ ആരെയും ശിക്ഷിക്കാനോ പിന്നീട് വന്ന ബിജെപി സര്‍ക്കാരിന് കഴിഞ്ഞില്ല. എല്ലാം വെറും പൊയ് വെടികളായിരുന്നു. അധികാരം പിടിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ ഒന്നാന്തരം ഒളിയുദ്ധമായിരുന്നു. കള്ളക്കമ്മട്ടത്തില്‍ അടിച്ചു നിരത്തിയ സിഎജി റിപ്പോര്‍ട്ടുകളും പിന്നെ കുറെ മാധ്യമ വാര്‍ത്തകളും – ഇതെല്ലാം ഒത്തുവന്നപ്പോള്‍ യുപിഎ ഭരണകൂടം ഇളകി വീണു.
അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ മുഖ്യ ആവശ്യം. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കി ബിജെപിയെ വാഴിച്ചതോടെ അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധതയും ലോക്പാല്‍ ബില്ലും പൂട്ടിക്കെട്ടി തട്ടിന്‍പുറത്താക്കി. അയാള്‍ പിന്നീടൊരിക്കലും ഈ ആവശ്യത്തിനായി വായ തുറന്നില്ല. അണ്ണാ ഹസാരെ ചെമ്പ് പൂശിയ സ്വര്‍ണപാത്രം ആയിരുന്നുവെന്ന് തിരിച്ചറിയാന്‍ അധികകാലം വേണ്ടി വന്നില്ല.
അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് യുവാക്കളെ സംഘടിപ്പിക്കാന്‍ അരവിന്ദ് കേജ്‌രിവാളിന് കഴിഞ്ഞു. 2012 ഒക്ടോബര്‍ രണ്ടിന് ജന്തര്‍ മന്തിറില്‍ നടന്ന ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് (India against Corruption Movement) എന്ന ജനമുന്നേറ്റത്തിന് കെജരിവാള്‍ ‘ആം ആദ്മി പാര്‍ട്ടി’ എന്ന് പേരിട്ടു. സാധാരണക്കാരുടെ പാര്‍ട്ടി എന്നര്‍ത്ഥം. ചിഹ്നമായി ചൂലും. അന്നായിരുന്നു കെജരിവാള്‍ എന്ന മിശിഹ പിറന്നത്. ആ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. പഴയ ചക്രവര്‍ത്തിമാരുടെ ആശ്വമേധം പോലെ ആയിരുന്നു അത്.
ആം ആദ്മി പാര്‍ട്ടി രൂപീകരണത്തിന് കേജ്‌രിവാളിനൊപ്പം മുന്നണിയിൽ ഉണ്ടായിരുന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തിരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്ര യാദവ്, മാധ്യമ പ്രവര്‍ത്തകരായ ആശിഷ് ഖേതാന്‍, ആശുതോഷ്, ഹിന്ദി കവി കുമാര്‍ വിശ്വാസ് തുടങ്ങിയവര്‍ കേജ്‌രിവാളിന്റെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് ആപ്പിനെ ഉപേക്ഷിച്ചു പോയി. നേതാക്കളുടെ കൊഴിഞ്ഞു പോക്കൊന്നും കേജ്‌രിവാളെന്ന ഗ്രേറ്റ് വാളിനെ (വന്‍മതില്‍ ) പിടിച്ചു കുലുക്കിയില്ല. മൂന്ന് തിരഞ്ഞെടുപ്പില്‍ ജയിക്കുകയും രണ്ട് വട്ടം മുഖ്യമന്ത്രിയാവുകയും ചെയ്തു. സാധാരണക്കാര്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഭരണരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഒരുപാട് നടക്കാത്ത വാഗ്ദാനങ്ങളും പറഞ്ഞിരുന്നു.
അഴിമതിക്കെതിരെ പിറന്നു വീണ ആം ആദ്മിയും അരവിന്ദ് കേജ്‌രിവാളും അഴിമതിയുടെ സെപ്റ്റിക് ടാങ്കില്‍ വീണത് ജനങ്ങള്‍ ഗൗരവത്തില്‍ കണ്ടു. 100 കോടിയലധികം കമ്മീഷന്‍ വാങ്ങി ഡല്‍ഹിയിലെ മദ്യനയം മാറ്റി എന്ന ആരോപണം ആപ്പിന്റെ അടിവേരിളക്കി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലായി. അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയയേയും മദ്യക്കോഴ വിവാദത്തില്‍ സിബിഐയും ഇഡിയും ചേര്‍ന്ന് പൂട്ടി തിഹാര്‍ ജയിലാക്കി. അഴിമതി വിരുദ്ധനെ അഴിമതിയുടെ പേരില്‍ അകത്താക്കിയതിലൂടെ പ്രതിഛായക്ക് വലിയ തിരിച്ചടിയും കളങ്കവുമുണ്ടായി. തിരഞ്ഞെടുപ്പ് തോല്‍വിക്കും ഇത് കാരണമായി.
ഈ വിവാദം കത്തിപ്പടരുമ്പോഴാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ വസതി 50 കോടി മുടക്കി ആഡംബര സൗധമാക്കിയെന്ന വിവാദം വന്നത്. രാഷ്ട്രീയത്തില്‍ വന്ന കാലത്ത് ചുവപ്പ് ലൈറ്റ് വെച്ച സര്‍ക്കാര്‍ കാറും സര്‍ക്കാര്‍ ബംഗ്ലാവും എടുക്കില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പക്ഷേ, പറഞ്ഞതെല്ലാം വിഴുങ്ങി കേജ്‌രിവാള്‍ ആഡംബരത്തില്‍ ആറാടി എന്ന പ്രതീതി സൃഷ്ടിച്ചെടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു. 50,000 ചതുരശ്ര ഭൂമിയില്‍ ഔദ്യോഗിക വസതി ഒരു ഗ്ലാസ് കൊട്ടാരമാക്കി. സ്വിമ്മിംഗ് പൂള്‍, സ്വര്‍ണം പൂശിയ ഫര്‍ണീച്ചറുകള്‍, വിലപ്പിടിച്ച അലങ്കാര വസ്തുക്കള്‍ തുടങ്ങി എല്ലാമായാണ് വസതി പണിതതെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. 50 കോടി രൂപ മുടക്കി പണിത വസതിയില്‍ സകല ആഡംബരങ്ങളും ആസ്വദിച്ച ‘ആം ആദ്മി’യാണ് കേജ്‌രിവാള്‍.
15 കൊല്ലം ഡല്‍ഹിയെ അടക്കി ഭരിച്ച ഷീലാ ദീക്ഷിത് എന്ന ജനപ്രിയ മുഖ്യമന്ത്രിയെ 22,000 വോട്ടിന് തൂത്തെറിഞ്ഞാണ് കേജ്‌രിവാള്‍ ആദ്യ വിജയം 2013ല്‍ നേടിയത്. കേവല ഭൂരിപക്ഷത്തിന് 8 സീറ്റിന്റെ കുറവില്‍ ആപ്പിന് ഭരണം ഒറ്റയ്ക്ക് പിടിക്കാനായില്ല. അഴിമതിയുടെ പേരില്‍ എതിര്‍ത്ത കോണ്‍ഗ്രസിന്റെ സഹായത്തോടെ മന്ത്രിസഭ രൂപീകരിച്ചു. അധികാരത്തോടുള്ള കേജ്‌രിവാളിന്റെ ആക്രാന്തം പ്രകടമായ ആദ്യ സംഭവം ഇതായിരുന്നു. അധികാരത്തിലേറിയതിന്റെ 49 മത്തെ ദിവസം ആദര്‍ശ ഭാരത്താല്‍ അദ്ദേഹം രാജിവെച്ചു. ലോക്പാല്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതിന്റെ പേരിലായിരുന്നു രാജി.
2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെ തൻ്റെ പാര്‍ട്ടി ചിഹ്നമായ ചൂലുപയോഗിച്ച് തൂത്തെറിഞ്ഞു. രാജ്യത്താകമാനം മോദി തരംഗം ആഞ്ഞുവീശിയപ്പോഴാണ് ഈ അതിഗംഭീര വിജയം ആം ആദ്മി നേടിയത്. 70 അംഗ നിയമസഭയില്‍ 67 പേരുടെ കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി കസേരയില്‍ കേജ്‌രിവാൾ ഇരുന്നു. ഒരുപാട് ക്ഷേമപദ്ധതികളും പുത്തന്‍ വിദ്യാഭ്യാസ നയങ്ങളുമായി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവെച്ചു. സാധാരണക്കാരനു വേണ്ടി മൊഹല്ല ക്ലിനിക്ക് എന്ന പേരില്‍ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു. ഇതെല്ലാം ഡല്‍ഹി നിവാസികളെ സംബന്ധിച്ച പുത്തന്‍ കാഴ്ചകളായിരുന്നു. 2020 ലും 62 സീറ്റ് നേടി വിജയം ആവര്‍ത്തിച്ചു.
ഡല്‍ഹിയില്‍ നേടിയ വിജയം 2022ല്‍ പഞ്ചാബിലും ആവര്‍ത്തിച്ചു 117 അംഗ പഞ്ചാബ് നിയമ സഭയില്‍ 92 സീറ്റ് നേടി അവിടെയും ചൂല്‍ ആഞ്ഞുവീശി ഭരണം നേടി. ഇതോടെ ആപ്പ് ദേശീയ പാര്‍ട്ടിയാകാനുള്ള കരുക്കള്‍ നീക്കി. പിന്നീട് പല സംസ്ഥാനങ്ങളിലും മത്സരിച്ചെങ്കിലും കാര്യമായ മുന്നേറ്റം നടത്താനായില്ല.
2020 ല്‍ അധികാരത്തില്‍ വന്നതോടെ അധികാരത്തിന്റെ കൂടെപ്പിറപ്പായ അഴിമതിയും സ്വജന പക്ഷപാതവും തന്‍പോരിമയുമെല്ലാം കേജ്‌രിവാളിനേയും പിടികൂടി. ഡല്‍ഹിയിലെ മദ്യനയം മാറ്റാന്‍ കോടികള്‍ കൈപ്പറ്റി എന്ന ആരോപണം ആപ്പിനെ പിടിച്ചുലച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് കേജ്‌രിവാളടക്കം ആപ്പിന്റെ നേതാക്കളെ വരിഞ്ഞു കെട്ടി ജയിലിലാക്കി. ലളിത ജീവിതം നയിക്കുന്ന നേതാവെന്ന ഇമേജിന് കോട്ടം തട്ടിയതായിരുന്നു ആഡംബര ഔദ്യോഗിക വസതി നിര്‍മ്മാണം. ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി സ്വയം നിര്‍മ്മിച്ച കുരുക്കില്‍ നിന്ന് പുറത്തു കടക്കാനാവാതെ കേജ്‌രിവാള്‍ എന്ന മിശിഹ എരിഞ്ഞടങ്ങാന്‍ തുടങ്ങി.
അഴിമതി ആരോപണത്തോടൊപ്പം ധൂര്‍ത്തും ധാര്‍ഷ്ട്യവും, ഏകാധിപത്യ പ്രവണതകളുമെല്ലാം തകര്‍ച്ചക്ക് കാരണമായി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം തോറ്റ് തുന്നംപാടി. ഈര്‍ക്കിലുകള്‍ ഒടിഞ്ഞ് ചൂല് തേഞ്ഞ് ഇല്ലാതായതാണ് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കണ്ടത്. മിശിഹ ആയി വന്നവന്‍ അന്തിക്രിസ്തുവായി മടങ്ങിയ അവസ്ഥ. രാഷ്ടീയത്തിലെ ഒരു പാഠമാണ് ആപ്പും അരവിന്ദ് കേജ്‌രിവാളും.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here