ആപ്പിന് ‘ആപ്പ്’ വച്ച് ലെഫ്. ഗവർണർ; കേജ്‌രിവാളിനെ വിചാരണ ചെയ്യാൻ അനുമതി
അടുത്ത വർഷം ആദ്യം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആം ആദ്മി പാർട്ടി (എഎപിക്ക്) തിരിച്ചടി. പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മദ്യനയ അഴിമതിക്കേസിൽ വിചാരണ ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് അനുമതി നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയുള്ളൂ എന്നായിരുന്നു കേജ്‌രിവാളിൻ്റെ പ്രഖ്യാപനം. ജനങ്ങളോട് നിലപാടുകൾ വ്യക്തമാക്കാൻ എഎപി നേതാവ് നടത്തുന്ന പദയാത്രകൾ തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.
ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് ശേഷം കേജ്‌രിവാളിനും പാർട്ടിക്കും വലിയ പരീക്ഷണമായി നിയമസഭാ തിരഞ്ഞെടുപ്പ് മാറുന്നതിന് ഇടയിലാണ് ലെഫ്. ഗവർണറുടെ നീക്കം. എഎപിയുടെ ഭാവിയെത്തന്നെ നിർണയിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണ് അടുത്ത വർഷം നടക്കാൻ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ച് 21ന് ഇഡി, മുഖ്യമന്ത്രിയായിരുന്ന കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ഇഡിയെടുത്ത കേസിൽ ജൂണിൽ ജാമ്യം ലഭിച്ചു. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് പുറത്തിറങ്ങുന്നതിന് തടസമായി. സെപ്റ്റംബറിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചതോടെ എഎപി നേതാവ് ജയിൽ മോചിതനായി. പുറത്തിറങ്ങിയ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ജനങ്ങൾക്ക് മുന്നിൽ നിരപരാധിത്വം തെളിയിച്ച് വീണ്ടും മുഖ്യമന്ത്രിയാവുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
2021-22 വർഷത്തേക്കുള്ള ദില്ലി മദ്യനയം രൂപീകരിക്കുന്നതിൽ ക്രമക്കേട് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളും മറ്റ് എഎപി നേതാക്കളും ചേർന്ന് ചില മദ്യ വ്യവസായികൾക്കായി നയത്തിൽ മനപൂർവം പഴുതുകൾ സൃഷ്ടിച്ചുവെന്നാണ് ആരോപണം. ഇത്തരത്തിൽ ലഭിച്ച ഫണ്ട് ഗോവയിലെ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് അന്വേഷണ ഏജൻസികൾ അവകാശപ്പെട്ടിരുന്നു. സിബിഐയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നത്.
കേജ്‌രിവാൾ സർക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി ഉന്നയിച്ച ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണ് മദ്യനയ കുംഭകോണം. ഡൽഹി കോൺഗ്രസ് ഘടകവും ഇതുപയോഗിച്ച് കടുത്ത ആക്രമണമാണ് എഎപിക്കെതിരെ നടത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും കോൺഗ്രസും എഎപിയും സഖ്യം ചേർന്ന് മത്സരിച്ചിരുന്നു. ഏഴ് സീറ്റിലും കനത്ത പരാജയമാണ് സഖ്യം നേരിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here