കേജ്‌രിവാളിന് ജാമ്യമില്ല; മാര്‍ച്ച് 28 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു; മദ്യനയ അഴിമതിക്കേസിൽ എഎപിക്ക് വന്‍ തിരിച്ചടി

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നിഷേധിച്ചു. ഈ മാസം 28 വരെ ഏഴ് ദിവസം കേജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷമാണ് ഡല്‍ഹി പിഎംഎൽഎ കോടതി വിധി പറഞ്ഞത്. കേജ്‌രിവാളിന് അഭിഭാഷകരുമായി സംസാരിക്കാൻ പത്തു മിനിറ്റ് സമയം അനുവദിച്ചു. കോടതിക്ക് പുറത്ത് എഎപി പ്രവർത്തകര്‍ സംഘടിച്ചിട്ടുണ്ട്. വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
മദ്യനയ അഴിമതി കേസിന്റെ മുഖ്യസൂത്രധാരൻ കേജ്‌രിവാളാണെന്ന് ഇഡി കോടതിയിൽ ആരോപിച്ചു. അദ്ദേഹത്തിനെതിരെ കൃത്യമായ തെളിവുകളുണ്ട്. നയം രൂപീകരിക്കുന്നതിൽ നേരിട്ട് പങ്കാളിയായി. അനുകൂലമായ നയരൂപീകരണത്തിന് പ്രതിഫലമായി പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപീകരിച്ചത്. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചതായും ഇഡി ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ കേജ്‌രിവാളിനെ ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇഡിയുടെ എട്ടംഗസംഘം കേജ്‌രിവാളിന്റെ ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയിൽ എത്തിയത്. ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേജ്‌രിവാളിന്‍റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ ഇന്ന് വൻ പ്രതിഷേധമാണ് നടന്നത്. ഡൽഹിയിൽ എഎപി പ്രതിഷേധത്തിന് നേതൃത്വം നൽകിയ രണ്ടു മന്ത്രിമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here