അരവിന്ദ് കേജ്‍രിവാളിന്‍റെ പിഎയെ പുറത്താക്കി വിജിലന്‍സ്; 2007ലെ കേസ് ആസ്പദമാക്കി നടപടി; ചട്ടങ്ങൾ ലംഘിച്ച് നിയമനമെന്ന് കണ്ടെത്തല്‍
ഡല്‍ഹി: ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പേഴ്സണല്‍ സെക്രട്ടറി ബൈഭവ് കുമാറിനെ പിരിച്ചുവിട്ട് വിജിലന്‍സ്. സെൻട്രൽ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. മദ്യനയ അഴിമതിക്കേസില്‍ ബൈഭവ് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര വിജിലന്‍സ് വിഭാഗം ബൈഭവിനെ പുറത്താക്കിയത്.
ബൈഭവ് കുമാറിനെതിരെയുള്ള 2007ലെ കേസാണ് പുറത്താക്കലിന് കാരണമായി പറയുന്നത്. മഹേഷ് പാല്‍ എന്നയാളാണ് കേസ് നല്‍കിയത്. ഇയാള്‍ നോയിഡയിൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ ജോലി ചെയ്തപ്പോള്‍ ബൈഭവ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍, പൊതുസേവകനായിട്ടും ജോലി ചെയ്യാന്‍ സമ്മതിച്ചില്ല എന്നായിരുന്നു പരാതി. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, കയ്യേറ്റത്തിന് ശ്രമിച്ചു എന്നിവയാണ് ബൈഭവിനെതിരെയുള്ള ആരോപണങ്ങള്‍. മതിയായ പരിശോധന നടത്താതെയാണ് ബൈഭവിനെ നിയമിച്ചത് എന്ന് കണ്ടെത്തിയാണ് വിജിലന്‍സിന്‍റെ നടപടി.
വിജിലന്‍സ് നടപടിയെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. “ആദ്യം മദ്യനയവുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. ഇപ്പോൾ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ്. എഎപിയെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നതില്‍ സംശയമില്ല. ദേശീയ തലസ്ഥാനത്ത് ജനാധിപത്യം തകർക്കപ്പെടുകയാണ്” എഎപി നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here