ലെഫ്. ഗവര്‍ണറുടെ നീക്കങ്ങള്‍ ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങള്‍; ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്കെന്ന് അഭ്യൂഹം; എതിര്‍പ്പുമായി എഎപി

ഡൽഹി: ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. ജയിലില്‍ നിന്നും ഭരണം നടത്താനുള്ള അരവിന്ദ് കേജ്‌രിവാളിന്റെ നീക്കങ്ങള്‍ക്ക്‌ തടയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജയിലില്‍ നിന്നും ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലെഫ്. ഗവർണർ വി.കെ.സക്സേനയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേജരിവാളിന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച് ഭരണം നടത്താനുള്ള ഒരുക്കത്തിലാണ് എഎപി. ഡൽഹിയിലെ എഎപിസർക്കാരിന് ഭൂരിപക്ഷമുണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ജനപ്രതിനിധി നിയമപ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രമാണ് അയോഗ്യതയുണ്ടാവുക. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയ പകപോക്കലാകുമെന്നാണ് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞത്.

ഡൽഹി സർക്കാരിന്റെ വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. 2021 നവംബറിൽ നടപ്പാക്കിയ നയം അഴിമതി ആരോപണത്തെതുടര്‍ന്ന് ഒമ്പത് മാസത്തിനുള്ളിൽ പിൻവലിച്ചിരുന്നു. മദ്യനയത്തില്‍ നിന്നുള്ള അഴിമതിപ്പണം ഗോവ തിരഞ്ഞെടുപ്പിന് എഎപി ചിലവിട്ടു എന്നാണ് ഇഡി കണ്ടെത്തല്‍. ഈ കേസുമായി ബന്ധപ്പെട്ട് എഎപി മന്ത്രിയായിരുന്ന മനീഷ് സിസോദിയ അടക്കമുള്ളവര്‍ ജയിലില്‍ തുടരവേയാണ് കേജരിവാള്‍ കൂടി അറസ്റ്റിലാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top