കേജ്‌രിവാള്‍ ജയിലില്‍ തുടരും; അപ്പീല്‍ വിധി വരെ ജാമ്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ തീഹാര്‍ ജയിലില്‍ നിന്നുള്ള മോചനം വൈകും. ജാമ്യം അനുവദിച്ച റൗസ് അവന്യു കോടതി ഉത്തരവിനെതിരെയുളള ഇഡി ഹര്‍ജിയില്‍ വിധി പറയുന്നതു വരെ ജയില്‍ മോചനത്തിന് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ജൂണ്‍ 25ന് പരിഗണിക്കാനായി ഹര്‍ജി മാറ്റുകയും ചെയ്തു.

ജാമ്യത്തിനെതിരായ ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഹൈക്കോടതിയില്‍ നടന്നത്. മദ്യനയ കോഴക്കേസില്‍ കേജ്‌രിവാളിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി ശക്തമായി വാദിച്ചു. ഭരണഘടനാ പദവി എന്നത് ജാമ്യം ലഭിക്കാന്‍ കാരണമല്ലെന്നും ഇഡി വ്യക്തമാക്കി. കീഴ്‌ക്കോടതിയില്‍ തങ്ങളുടെ വാദം പൂര്‍ണ്ണമായി ഉന്നയിക്കാന്‍ സമയം ലഭിച്ചില്ല. തെളിവുകളൊന്നും പരിഗണിക്കാതെയുള്ള തലതിരിഞ്ഞ വിധിയാണ് ഉണ്ടായിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ 70 വകുപ്പ് പ്രകാരം എഎപിയെ ഒരു കമ്പനിയായി പരിഗണിക്കണം. അതികൊണ്ട് തന്നെ എഎപി നടത്തിയ കള്ളപ്പണ ഇടപാടുകളില്‍ ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍ കേജ്‌രിവാള്‍ പ്രതിയാകുമെന്നും ഇഡി വ്യക്തമാക്കി.

മദ്യനയത്തില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് കേജ്‌രിവാളാണ്. പണം അവിശ്യപ്പെട്ടതിനടക്കം തെളിവുണ്ടെന്നും ഇഡി വാദിച്ചു. ഇതില്‍ 45 കോടിയും ഗോവ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഉപയോഗിച്ചത്. ബാക്കി പണവും ഗോവയില്‍ തന്നെ ചിലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേജ്‌രിവാളിന് ബന്ധമില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.

എന്നാല്‍ ഇഡിയുടെ വാദങ്ങള്‍ നിയമത്തെ മറികടക്കാനാണെന്ന് കേജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയില്‍ വാദിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചത് സുപ്രീംകോടതിയാണ്. ഇത് പരിഗണിക്കാതെയാണ് ഇഡി നീക്കം. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും സിങ്‌വി പറഞ്ഞു. വാദങ്ങള്‍ക്ക് ശേഷമാണ് മൂന്ന് ദിവസം വിധി പറയാമെന്ന് ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയ്ന്‍, രവീന്ദര്‍ ദുഡേജ എന്നിവര്‍ അറിയിച്ചത്.

ഇന്ന് ഉച്ചയോടെ അരവിന്ദ് കേജ്‌രിവാള്‍ ജയില്‍ മോചിതനാവുമെന്ന് പ്രതീക്ഷയിലായിരുന്ന പ്രവര്‍ത്തകര്‍ ഇതോടെ നിരാശയിലായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top