ജമ്മു കശ്മീർ ഭരിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ…ഒമർ അബ്ദുള്ളയ്ക്ക് കേജ്‌രിവാളിൻ്റെ ഉപദേശം
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ ഭരിക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ തൻ്റെ സഹായം തേടണമെന്ന് നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ളയോട് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ.ഡൽഹിയെപ്പോലെ ജമ്മു കശ്മീരും അർദ്ധ സംസ്ഥാനമാക്കി എല്ലാ അധികാരവും ലെഫ്റ്റനൻ്റ് ഗവർണർക്ക് നൽകിയിട്ടുണ്ട്. പദവി കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ തന്നോട് പ്രതിവിധി ചോദിക്കാമെന്നും ഡൽഹി മുൻ മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ഡൽഹിയുടെ ഭരണം മുന്നോട്ട് ചലിപ്പിച്ച അനുഭവമുണ്ടെന്ന് ഒമർ അബ്ദുള്ളയെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോഡമണ്ഡലത്തിൽ നിന്നും വിജയിച്ച ആം ആദ്മി സ്ഥാനാർത്ഥി മെഹ്‌രാജ് മാലികിന് നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് കശ്മീർ നിയുക്ത മുഖ്യമന്ത്രിക്ക് കേജ്‌രിവാൾ ഉപദേശം നൽകിയത്. ബിജെപിയുടെ ഗജയ് സിംഗ് റാണയെ 4,538 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് മെഹ്‌രാജ് മാലിക്
എഎപിക്ക് വേണ്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത്. ഒമറിൻ്റെ സർക്കാരിന് പിന്തുണയും പാർട്ടി വാഗ്ദാനം നൽകിയിട്ടുണ്ട്.
ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സംഖ്യമാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 49 സീറ്റുകളാണ് സഖ്യം നേടിയത്. സിപിഎമ്മും സഖ്യത്തിൻ്റെ ഭാഗമായിരുന്നു. എസി 42, കോൺഗ്രസ് 6,സിപിഎം 1 എന്നിങ്ങനെയാണ് മുന്നണിയിലെ കക്ഷി നില. നാല് സ്വതന്ത്രരും നാഷണൽ കോൺഫറൻസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്ക് 29 സീറ്റുകൾ മാത്രമാണ് നേടാനായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here