കേജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; നാലുദിവസത്തേക്ക് കൂടി കാലാവധി നീട്ടി, കോടതിയിൽ ഇഡിയോട് നേരിട്ട് ഏറ്റുമുട്ടി ഡൽഹി മുഖ്യമന്ത്രി

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി. കേജ്‌രിവാളിന്റെയും ഇഡിയുടെയും വാദം കേട്ട ശേഷമാണ് ഏപ്രിൽ ഒന്നുവരെ കാലാവധി നീട്ടി റോസ് അവന്യു കോടതി ഉത്തരവിട്ടത്.

കേജ്‌രിവാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല അതുകൊണ്ട് ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കേസ് രാഷ്ട്രീയ ഗുഢാലോചനയുടെ ഫലമാണെന്ന് കോടതിയിലേക്ക് പോകുംവഴി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ സംസാരിക്കണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടു. എഴുതിനൽകിക്കൂടെ എന്ന് കോടതി ചോദിച്ചെങ്കിലും സംസാരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെത്തുടർന്ന് അഞ്ച് മിനിറ്റ് സംസാരിക്കാൻ അനുമതി നൽകുകയായിരുന്നു. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ലെന്നും നേരത്തെ അറസ്റ്റിലായവർക്ക് തന്റെ പേര് പറയാൻ സമ്മർദ്ദമുണ്ടായിരുന്നു എന്നും കേജ്‌രിവാൾ പറഞ്ഞു. ഇഡി പറഞ്ഞ അഴിമതിയിലെ 100 കോടി എവിടെയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി രൂപ ആം ആദ്മി കൈപ്പറ്റിയെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവ് ശേഖരിക്കാൻ പാസ്‌വേഡ് കേജ്‌രിവാൾ തരുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. മാര്‍ച്ച് 21നാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

അതേസമയം കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാൻ സാധ്യമല്ലെന്നാണ് പറഞ്ഞത്. ഇതോടെ കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം. അറസ്റ്റിനെതിരെ കേജ്‌രിവാൾ നൽകിയ ഇടക്കാല ഹർജി ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി വിട്ടയക്കണമെന്ന ഹർജിയാണ് തള്ളിയത്. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top