അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി കേജ്‌രിവാള്‍; സുപ്രീം കോടതിയിൽ വാദത്തിന് തയ്യാറായി എഎപി നിയമസംഘം; രാത്രി കേസ് കേൾക്കുമോ എന്നതിൽ ഉദ്വേഗം നിറയുന്നു

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റില്‍ നിന്നും രക്ഷ തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് എഎപി നേതാക്കള്‍ ഉറപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ഇഡി സംഘം കേജ്‌രിവാളിന്റെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി അയച്ച ഒൻപതാമത്തെ സമൻസും കേജ്‌രിവാൾ തള്ളിയിരുന്നു. ഹൈക്കോടതിയും സഹായത്തിനെത്തിയില്ല. ഇതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ മുന്നിലെ വഴികള്‍ അടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുന്ന ആദ്യരാഷ്ട്രീയ നേതാവാണ്‌ കേജ്‌രിവാൾ. അടിയന്തരവാദം കേള്‍ക്കാന്‍ കേജ്‌രിവാളിന്റെ നിയമസംഘം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എഎപി നേതാക്കള്‍ പ്രക്ഷോഭവുമായി ഇറങ്ങിയതോടെ ഡല്‍ഹി പോലീസ് വലയത്തിലാണ്.

എഎപി നേതാവ് സൗരഭ് ഭരദ്വാജ് അറസ്റ്റ് കാര്യം ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നു. കേജ്‌രിവാള്‍ അറസ്റ്റില്‍ ആയതോടെ ഇഡി നടപടിയെ അപലപിച്ച് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. “കേജ്‌രിവാളിനെ ഡൽഹിക്കാർ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എഎപി സർക്കാർ അവർക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന് ഒപ്പം നിൽക്കും. നിശബ്ദരായിരിക്കില്ല.’’ എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി സിങ് പറഞ്ഞു.

വിവാദ ഡല്‍ഹി മദ്യനയം

ഡല്‍ഹി സർക്കാരിന്റെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണ് പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണ് മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു.

ഡല്‍ഹി സര്‍ക്കാരിന് 2000 കോടിയുടെ അധിക വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു പുതിയ മദ്യനയം. അന്വേഷണത്തില്‍ എക്സൈസ് മന്ത്രിയായ സിസോദിയയുടെ പങ്കും വെളിപ്പെട്ടുവെന്ന പേരിൽ ഇഡിയുടെ ആദ്യ അറസ്റ്റ്. സിസോദിയയിൽ തുടങ്ങിയ അഴിമതി ഗൂഡാലോചനയിലെ കണ്ണിയാണെന്ന് ആരോപിച്ചാണ് ഏറ്റവും ഒടുവിൽ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിലേക്ക് വരെ ഇഡി എത്തിനിൽക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top