ജോലി വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് തട്ടിയത് 30 ലക്ഷം; തട്ടിപ്പിനിരയായത് 16 പേര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി വാഗ്ദാനം നടത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കല്‍ തട്ടിയത് 30 ലക്ഷം രൂപ. റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി ജോലികള്‍ വാഗ്ദാനം ചെയ്താണ് 16 പേരില്‍ നിന്നായി ഇത്രയും തുക തട്ടിയത്. ആരോഗ്യവകുപ്പിന്റെ പേരിലുള്ള വ്യാജ കത്താണ് ആധാരമാക്കിയത്.

ആറന്മുള സ്വദേശിനിക്ക് കോഴഞ്ചേരി ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി നല്‍കാമെന്നു പറഞ്ഞാണ് ഒരു ലക്ഷം തട്ടിയത്. ആറന്മുള സ്വദേശിക്ക് ഇതേ ആശുപത്രിയില്‍ സുരക്ഷാജീവനക്കാരനായി ജോലി നല്‍കാമെന്നു പറഞ്ഞു അരലക്ഷം വാങ്ങി. മറ്റൊരു ആറന്മുളക്കാരന്റെ മകള്‍ക്ക് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞു 80000 രൂപയും തട്ടി. മൂന്ന് പേരുടെയും പരാതികളില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു ജയകുമാര്‍ പറഞ്ഞത് പ്രകാരമാണ് പണം വാങ്ങിയതെന്നാണ് അരവിന്ദ് പറഞ്ഞത്. കിട്ടുന്ന പണം തുല്യമായി ഭാഗിക്കാമെന്നും ധാരണയുണ്ടായിരുന്നു. ജയകുമാറിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോട്ടയം ജില്ലാ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് അരലക്ഷം തട്ടിയ കേസിലാണ് അരവിന്ദ് പിടിയിലായത്. എംപി ക്വാട്ടയില്‍ ജോലി നല്‍കാമെന്നാണ് കരുനാഗപ്പള്ളി സ്വദേശിയോട് പറഞ്ഞത്. വ്യാജ ഉത്തരവാണ് നല്‍കിയതെന്ന് തിരിച്ചറിഞ്ഞ യുവതി അത് പ്രചരിപ്പിക്കുകയായിരുന്നു. കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top