മേയര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതില്‍ പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍; ആര്യക്ക് എതിരെയുള്ള കേസില്‍ വിധി 30ന്

മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ ബസ് തടഞ്ഞതില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം മുപ്പതിന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വിധി പറയും. പോലീസ് റിപ്പോര്‍ട്ടില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. യദുവിന്റെ അഭിഭാഷകനും റിപ്പോര്‍ട്ടിനെ എതിര്‍ത്തിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണം ശരിയായ ദിശയിലാണെന്നു പ്രോസിക്യൂട്ടർ പറഞ്ഞു. യദു ഇത്തരം ഹർജിയുമായി എത്തുന്നത് മാധ്യമശ്രദ്ധ നേടാനാണ്. യദുവിനെതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്നു കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ പാളയത്ത് വെച്ചാണ് വിവാദ സംഭവങ്ങള്‍ നടന്നത്. തിരുവനന്തപുരം മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. പ്ലാമൂട് വെച്ച് ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നായിരുന്നു മേയറുടെ പരാതി. ഈ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് ഏപ്രില്‍ 27ന് യദു പോലീസില്‍ പരാതി നല്‍കി. മേയറുടെ പരാതിയില്‍ പോലീസ് അതിവേഗം നടപടി സ്വീകരിക്കുന്നു. തന്റെ പരാതിയില്‍ അന്വേഷണമില്ല എന്ന് കാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി നിര്‍ദേശപ്രകാരമാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top