ചുരിദാർഷാൾ വാതിലാക്കി ജീവിച്ച കുട്ടിയാണ് പ്രചോദനം, കുട കൂരയാക്കി ജീവിക്കുന്നവരുമുണ്ട്; എംഎസ് സുനിൽ പറയുന്നു

പത്തനംതിട്ട: ലൈഫ് പദ്ധതിയിലെ വീടിനായി സർക്കാർ നൽകാനുള്ള പണം ലഭിക്കാതെ ഓമല്ലൂരിൽ ആത്മത്യ ചെയ്ത ലോട്ടറി കച്ചവടക്കാരനായ ഗോപിയുടെ വീടിന് ഏതാനും കിലോമീറ്റർ അകലെയാണ് 1200 ഓളം പേർക്ക് അടച്ചുറപ്പുള്ള വീട് നൽകിയ ഡോ.എം.എസ് സുനിൽ എന്ന അധ്യാപിക താമസിക്കുന്നത്. പേരുപോലെ വ്യത്യസ്തമാണ് ഈ അധ്യാപികയുടെ പ്രവർത്തനവും. 17 വർഷത്തിനിടെ ഡോ.സുനിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയത് 293 വീടുകളാണ്.

സർക്കാരിന്റെ പദ്ധതികളിലൂടെ വീട് ലഭിക്കാൻ പല കടമ്പകൾ കടക്കണം. അത്കൊണ്ട് തന്നെ പലർക്കും അത് പ്രസായവുമാണ്. ഇങ്ങനെയുള്ളവർക്ക് ആശ്രയമാവുകയാണ് സുനിൽ. 2005 ൽ അധ്യാപികയായിരുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാർത്ഥിക്ക് വീട് നിർമിച്ചു നൽകിയാണ് തുടക്കം. ഷീറ്റ് കൊണ്ടുള്ള വീടിന് ചുരിദാറിന്റെ ഷാൾ കൊണ്ട് വാതിലുണ്ടാക്കി താമസിച്ചിരുന്ന കുട്ടിക്ക് നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായാണ് വീട് നൽകിയത്. പിന്നീട് സ്വന്തമായി ചെയ്തു തുടങ്ങി. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകാൻ സന്നദ്ധരായവരുടെ സഹായത്തോടെയാണിത്. തുടക്കത്തിൽ പല പ്രതിസന്ധികളും നേരിട്ടിരുന്നു പക്ഷെ പിന്നീട് സഹായിക്കാനായും വീടിന്റെ ആവശ്യം അറിയിച്ചും ആളുകൾ എത്താൻ തുടങ്ങി. പറഞ്ഞു കേട്ട് സ്പോൺസർമാർ വരുന്നത് കൊണ്ട് നിർമാണത്തിന് തടസങ്ങൾ ഇല്ലാതെ മുന്നേറുന്നെന്ന് ഡോ. സുനിൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഇപ്പോൾ കൊല്ലം,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നീ എട്ടു ജില്ലകളിലായി 293 വീടുകൾ പൂർത്തിയാക്കാൻ സാധിച്ചു. ഒരു വ്യക്തി ഒരു വീട് എന്ന നിലക്കാണ് സ്പോൺസർ ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 650 സ്ക്വയർ ഫീറ്റ് വീടുകളാണ് നിർമിക്കുന്നത്.

നാല് വീടുകൾ താക്കോൽദാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12 ഓളം വീടുകൾ പല ഘട്ടങ്ങളിലാണ്. ഒരു ലക്ഷത്തിന് തുടങ്ങിയ വീട് നിർമാണം ഇപ്പോൾ അഞ്ചര ലക്ഷത്തിൽ എത്തി നിൽക്കുകയാണ്. 1200 ഓളം പേരാണ് ഇന്ന് ഉറപ്പുള്ള മേൽക്കൂരയുടെ സുരക്ഷയിൽ കഴിയുന്നത്. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവർക്ക് ആദ്യമായി വീട് നിർമ്മിച്ചു നൽകിയതും ഡോ.സുനിലിന്റെ നേതൃത്വത്തിലാണ്. 22 വീടുകൾ അക്കാലത്തു നിർമിച്ചു. ഇതുകൂടാതെ കോവിഡ് കാലത്ത് 50 വീടുകൾ പൂർത്തിയാക്കി. സാധനങ്ങൾ ഉണ്ടായിരുന്നതിനാലും തൊഴിലാളികൾക്ക് പുറത്തേക്ക് പോകാൻ കഴിയാതിരുന്നതിനാലും പണി തുടർന്നു. അതുകൊണ്ട് തൊഴിലാളികൾക്ക് പട്ടിണി കിടക്കേണ്ടി വന്നില്ലെന്നും സുനിൽ പറയുന്നു. കൂടാതെ അടുത്തിടെ ഒരു സ്വകാര്യ വ്യക്തി നൽകിയ സ്ഥലം 6 പേർക്കായി നൽകി.

2016ൽ ജന്തുശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച ശേഷം പൂർണമായും വീട് നിർമാണത്തിന് പിന്നാലെയാണ്. അമേരിക്കയിലെ ഹൂസ്റ്റൺ ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജിയായ കെ.പി .ജോർജാണ് ഏറ്റവുമധികം വീടുകൾ പണിതു നൽകാൻ സഹായിച്ചത്. 12 വീടുകളാണ് കോന്നി സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹായത്തോടെ നിർമിച്ചു നൽകിയത്. കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പല പ്രമുഖരും ഇത്തരത്തിൽ വീട് നിർമിക്കാൻ സഹായം നൽകി. ലോൺ എടുത്തു വരെ വീട് വക്കാൻ കാശ് തന്നവർ പോലും ഉണ്ടെന്ന് ഡോ.സുനിൽ പറയുന്നു. കുട കൂരയാക്കി പത്തു വർഷം ജീവിച്ച അമ്മുമ്മക്ക് വീട് നൽകി. എയ്ഡ്സ് രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരും വീട് ലഭിച്ചവരിൽപ്പെടുന്നു. ഇതിനുപുറമെ വീട് നൽകിയവരിൽ തന്നെ ജോലി ചെയ്യാൻ നിവർത്തിയില്ലാത്തവർ, വിധവകൾ തുടങ്ങി 100 ഓളം കുടുംബങ്ങൾക്ക് എല്ലാ മാസവും അരിയും പലവ്യജ്ഞനവും നൽകുന്നുണ്ട്. ജയലാൽ എന്ന കോന്നി സ്വദേശിയും ഇപ്പോൾ ഈ സേവനത്തിന് സുനിലിനൊപ്പം പ്രവർത്തിക്കുന്നു. ജീവിതത്തിന്റെ നല്ലൊരു പങ്ക് പാവങ്ങൾക്ക് സേവനം ചെയ്യാൻ ഉഴിഞ്ഞു വച്ച ഡോ. സുനിലിന്, സ്ത്രീകളുടെ നേട്ടങ്ങൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ നാരീ ശക്തി പുരസ്‌കാരം നൽകി 2017 ൽ കേന്ദ്ര സർക്കാർ ആദരിച്ചു.

Logo
X
Top