കോൺഗ്രസിൻ്റേത് അതിമോഹം; ബിജെപിയുള്ള കാലംവരെ അത് നടക്കില്ലെന്നും രാഹുലിനോട് അമിത് ഷാ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി. സംവരണ വിഷയവും അമേരിക്കൻ സന്ദർശനത്തിലെ വിമർശനങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ രാഹുലിനെതിരെ കടുത്ത ആക്രമണമഴിച്ചുവിട്ടത്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പം നിൽക്കുകയും ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും ഒരു ശീലമായി മാറിയിരിക്കുന്നു എന്നാണ് അമിത് ഷായുടെ വിമർശനം.


വിദേശ രാജ്യങ്ങളിലെ വേദികളിൽ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന കോൺഗ്രസ് നേതാവ് എല്ലായ്പ്പോഴും ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നും സോഷ്യൽ മീഡിയയായ എക്സിൽ അദ്ദേഹം കുറിച്ചു. പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന കോൺഗ്രസിൻ്റെ രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വെളിപ്പെടുത്തുന്നത്. രാജ്യത്ത് സംവരണം നിർത്തലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിലൂടെ രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ സംവരണ വിരുദ്ധ മുഖം തുറന്നുകാട്ടിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ബിജെപി ഉള്ളിടത്തോളം കാലം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യത്തിൻ്റെ സുരക്ഷയിൽ ആർക്കും പ്രശ്നങ്ങളുണ്ടാക്കോനോ കഴിയില്ലെന്നും ഷാ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു. യുഎസിലെ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ സംവരണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇന്ത്യയിൽ സംവരണം ആവശ്യമില്ലാത്ത ഒരു സാഹചര്യം നിലവിൽ വരുമ്പോൾ മാത്രമ അത് ഒഴിവാക്കുന്നതിനെ ചിന്തിക്കുകയുള്ളു എന്നായിരുന്നു രാഹുലിൻ്റെ മറുപടി.


സംവരണത്തോടുള്ള എതിർപ്പ് രാഹുൽ ഗാന്ധിയുടെ പാരമ്പര്യമാണെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരും ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവിന് എതിരായ ബിജെപിയുടെ കടന്നാക്രമണത്തിന് നിരവധി രാഷ്ട്രീയ മാനങ്ങളുണ്ട് . ബിജെപിയെയും ആർഎസ്എസിനെയും ലക്ഷ്യം വച്ചുള്ള രാഹുലിൻ്റെ അമേരിക്കൻ പര്യടനത്തിനിടെയിലെ ആവർത്തിച്ചുള്ള പരാമർശങ്ങൾ ഭരണ പാർട്ടി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ആർഎസ്എസിൻ്റെ ആശയത്തെ ചോദ്യം ചെയ്ത രാഹുലിനെ രാജ്യദ്രോഹിയെന്നാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വിശേഷിപ്പിച്ചത്


ഒരു ഒറ്റ ആശയത്തിൻ മേലാണ് ഇന്ത്യ നിലനിൽക്കുന്നു എന്നാണ് ആർഎസ്എസിൻ്റെ വിശ്വാസം. എന്നാൽ ഇന്ത്യയുടെ അടിത്തറ ബഹുസ്വരയിലാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം എന്നായിരുന്നു രാഹുൽ ഡാലസിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്ക് അതീതമായി ഓരോ വ്യക്തികൾക്കും സ്ഥാനം നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നത് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ മാത്രമാണെന്നായിരുന്നു കേന്ദ്ര മന്ത്രി തിരിച്ചടിച്ചത്.

ഇന്ത്യയുടെ മൂല്യങ്ങളിലും സംസ്‌കാരത്തിലും അടിയുറച്ച ആർഎസ്എസിനെ ഈ ജീവിതകാലത്ത് ഒരിക്കലും മനസിലാക്കാൻ രാഹുലിന് കഴിയില്ല. ആർഎസ്എസിനെ ശരിക്കും മനസിലാക്കാൻ രാജ്യദ്രോഹികൾക്ക് കഴിയില്ല. സ്വന്തം രാജ്യത്തെ വിമർശിക്കാൻ വിദേശത്ത് പോകുന്നവർക്ക് അതിൻ്റെ അന്തസത്ത മനസിലാവില്ല എന്നായിരുന്നു ഗിരിരാജ് സിംഗ് വിമർശനത്തിന് മറുപടി നൽകിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായി എന്നും രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ വലിയ നേട്ടങ്ങളല്ല. ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ വിജയമാണ്. രാജ്യത്തിൻ്റെ ഭരണഘടന അട്ടിമറിക്കപ്പെടുന്നത് അംഗീകരിക്കാൻ തയ്യാറാകാതിരുന്നവരുടെ നേട്ടമാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top