സിപിഎമ്മിന് നൈസായി പണികൊടുത്ത് സിപിഐ; ആശമാര്‍ക്കൊപ്പമെന്ന് തെളിയിച്ച് ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടി!! വിവാദമായപ്പോൾ ഒരുചുവട് പിന്നോട്ടും

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശവര്‍ക്കര്‍മാര്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍ മുതല്‍ സിപിഐക്ക് അവരോട് അനുഭാവപൂര്‍വ്വമായ സമീപനമായിരുന്നു. സിപിഎം, സിഐടിയു നേതാക്കള്‍ സമരത്തെ പുച്ഛിച്ചും പുലഭ്യം പറഞ്ഞ് നടന്നപ്പോള്‍ സിപിഐ പ്രതിഷേധത്തിന് പരിഹാരം കാണണം എന്ന സമീപനമാണ് എടുത്തത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം പരസ്യമായി തന്നെ പറയുകയും ചെയ്തു. എന്നാല്‍ പതിവുപോലെ സിപിഎം ഇത് കേട്ടില്ല എന്നു മാത്രം.
എന്നാല്‍ കിട്ടിയ ആവസരത്തില്‍ സിപിഎമ്മിന് മുട്ടന്‍ പണിയാണ് സിപിഐ നല്‍കിയിരിക്കുന്നത്. ആശമാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ തളളിക്കളഞ്ഞ ശേഷം കാരണമായി പറഞ്ഞത് കേന്ദ്ര അവഗണനയായിരുന്നു. കേന്ദ്രത്തില്‍ നിന്നും കോടികള്‍ കിട്ടാനുണ്ട് എന്ന ക്യാപ്‌സ്യൂളാണ് പ്രചരിപ്പിച്ചത്. എന്നാല്‍ വ്യക്തത വരുത്തിയതുമില്ല. ഇതില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കൊണ്ട് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് സിപിഐ എംപിയായ പി സന്തോഷ് കുമാര്‍.
കേന്ദ്രത്തിന്റെ കുടിശിക എത്രയെന്നും ആശമാരുടെ വേതന വര്‍ദ്ധന നടപ്പാക്കുമോ എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് സന്തോഷ് കുമാര്‍ ഉന്നയിച്ചത്.
‘ആശാ പ്രവര്‍ത്തകരുടെ ജോലിയെ അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളില്‍ അവര്‍ക്കു പങ്കുണ്ട്. ഒരാഴ്ച മുന്‍പ് ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തെപ്പറ്റി ചര്‍ച്ച നടന്നിരുന്നു. കേരളത്തിന് കേന്ദ്രം എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ല”- ഇതായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുടെ മറുപടി.
ഇതോടെ സിപിഎമ്മും സര്‍ക്കാരും നടത്തിയത് കളളപ്രരണമാണെന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഇത്തരമൊരു മറുപടി നല്‍കിയപ്പോള്‍ സിപിഎം എംപിമാര്‍ ആരും എതിര്‍പ്പ് ഉയര്‍ത്തിയതുമില്ല. മന്ത്രിയുടെ മറുപടിക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, 600 കോടിയിലധികം രൂപ കേന്ദ്രം കേരളത്തിനു നല്‍കാനുണ്ടെന്നും മന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നല്‍കുമെന്നും പറഞ്ഞ് സന്തോഷ് കുമാര്‍ വിവാദത്തില്‍ നിന്ന് ഒഴിയുകയും ചെയ്തു.
ഇത് ആദ്യമായല്ല സിപിഐ സിപിഎമ്മിന് ഇത്തരത്തില്‍ ഒരു പണി നല്‍കുന്നത്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതിയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ നല്‍കിയ റിപ്പോര്‍ട്ട് സിപിഎമ്മിനുളള എട്ടിന്റെ പണിയായിരുന്നു. നവീന്‍ ബാബു അഴിമതി നടത്തിയതിന് തെളിവില്ലെന്നും സിപിഎം നേതാവായിരുന്ന പിപി ദിവ്യ ആസൂത്രിതമായി നവീന്‍ ബാബുവിനെ അപമാനിക്കാനായി കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എത്തിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ സിപിഎം അതുവരെ ഉയര്‍ത്തിയ സദ്ദുദ്ദേശ സിദ്ധാന്തം പൂര്‍ണ്ണമായും പൊളിഞ്ഞു.
ഘടകക്ഷിയായി പോലും പരിഗണിക്കാതെ അവഗണിക്കുന്ന സിപിഎമ്മിന് തരം കിട്ടുമ്പോള്‍ സിപിഐ നല്‍കുന്ന ചെറിയ പണികളായി ഈ നീക്കങ്ങളെ കണക്കിലാക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here