ആശമാരെ അനുനയിപ്പിക്കാന്‍ വഴിതേടി സര്‍ക്കാര്‍; എല്ലാ കുടിശികയും തീര്‍ത്തു; വര്‍ധനയും ആലോചനയില്‍

വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവര്‍ക്കര്‍മാരെ അനുനയിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തി സര്‍ക്കാര്‍. അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സമരത്തില്‍ നിന്നും പിന്‍വലിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശാവര്‍ക്കര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയപ്പോഴും കടുത്ത നിലപാടില്‍ തന്നെയായിരുന്നു.
സമ്മര്‍ദ്ദത്തിന് ആശമാര്‍ വഴങ്ങാതെ വന്നതോടെയാണ് സര്‍ക്കാരും അനുനയപാത സ്വീകരിക്കുന്നത്. പൊതുസമൂഹത്തില്‍ നിന്നും പ്രതിഷേധത്തിന് ലഭിക്കുന്ന വലിയ പിന്തുണയും സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ട്. ഓണറേറിയം കുടിശിക അനുവദിച്ച് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ച ഒരു ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തു. സമരം തുടങ്ങി 18-ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. ഇന്‍സെന്റീവിലെ കുടിശ്ശികയും കൊടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നും ഇത് സംസ്ഥാനം സ്വന്തം നിലയ്ക്ക് നല്‍കുകായാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുടിശിക അനുവദിച്ചത് സ്വാഗതം ചെയ്‌തെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് ആശാവര്‍ക്കര്‍മാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണ ജോര്‍ജും നിലപാട് മയപ്പെടുത്തി. ഒരു ആശയ്ക്ക് പ്രതിമാസം 13000ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ട്. അതില്‍ 9500 രൂപ സംസ്ഥാനം നല്‍കുന്നതാണ്. ആശമാരുടെ കാര്യത്തില്‍ സര്‍ക്കാരിന് കടുംപിടിത്തം ഇല്ല. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂര്‍ണമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here