ന്യായീകരണ ക്യാപ്‌സ്യൂളുകളെല്ലാം ചീറ്റിപ്പോയി; ആശാ സമരത്തില്‍ കേന്ദ്രം കേരളത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടി

ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കി കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ സംസ്ഥാനം സമര്‍പ്പിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ രാജ്യസഭയില്‍ വ്യക്തമാക്കിയതോടെ സിപിഎമ്മും സര്‍ക്കാരും ആശമാരുടെ സമരത്തിനെതിരെ ഉയര്‍ത്തിയ ന്യായീകരണങ്ങള്‍ എല്ലാം പൊളിഞ്ഞു പാളീസായി. സിപിഐ അംഗം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ആശവര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജും സിഐടിയു നേതാക്കളും പറഞ്ഞിരുന്നത്. കേന്ദ്രം കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ചിലവഴിച്ചതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയിട്ടില്ല. ഇത്രയും ഗുരുതരമായ പ്രസ്താവന കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ നടത്തുമ്പോള്‍ സിപിഎം അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, കെ ശിവദാസന്‍ എഎ റഹിം എന്നിവര്‍ സഭയിലുണ്ടായിരുന്നു. ഇവരാരും മന്ത്രിയുടെ പ്രസ്താവന ഖണ്ഡിക്കാനും ശ്രമിച്ചില്ല.

ആശവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞത്. ആശവര്‍ക്കര്‍മാര്‍ക്ക് 13,000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9,400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ിയമസഭയില്‍ പറഞ്ഞിരുന്നു. ഈ ഇനത്തില്‍ 600 കോടി രൂപ കേന്ദ്രം തരാനുണ്ടെന്നും വാദിച്ചിരുന്നു. ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് കേന്ദ്രം. എല്ലാ തുകയും കേന്ദ്രം നല്‍കിയെന്നും 120 കോടി രൂപ അധികമായി നല്‍കിയെന്നുമാണ് നഡ്ഡ പറഞ്ഞത്.

കേന്ദ്രത്തില്‍നിന്ന് ആരോഗ്യമേഖലയ്ക്ക് മാത്രമായി 1000 കോടിയോളം രൂപയാണ് കേന്ദ്രം നല്‍കാനുള്ളതെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നത്. കേന്ദ്ര പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ പലപ്പോഴും ഓണറേറിയം രണ്ടും മൂന്നും മാസം കുടിശ്ശികയാകാറുണ്ട്. കേന്ദ്രം സമയത്ത് പണം നല്‍കാത്തതാണ് ഓണറേറിയം കുടിശ്ശികയാവാന്‍ കാരണമെന്ന് സമരത്തിനു പിന്നിലുള്ളവര്‍ ആശാപ്രവര്‍ത്തകരോട് പറയണം. കേരളസര്‍ക്കാരും എല്‍.ഡി.എഫും. കാണിക്കുന്ന താത്പര്യമൊന്നും കുത്തിയിളക്കി വിടുന്നവര്‍ക്കില്ലെന്നായിരുന്നു ബാലഗോപാലിന്റെ ആക്ഷേപം.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന വന്നതോടെ ഇതുവരെ ഇറക്കിയ ക്യാപ്‌സ്യൂളുകളും നരേറ്റീവുകളും മാറ്റി പുതിയത് ഇറക്കാന്‍ സിപിഎം നിര്‍ബന്ധിതര്‍ ആയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top