ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം പാര്‍ലമെന്റില്‍; 21,000 രൂപ വേതനം നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശ വര്‍ക്കര്‍മാരുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ശശി തരൂര്‍, കെസി വേണുഗോപാല്‍, വികെ ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ഉന്നയിച്ചത്. പൊതുജനാരോഗ്യരംഗത്തിന് മികച്ച സേവനം ചെയ്യുന്നവരാണ് ആശമാര്‍. അവര്‍ വേതന വര്‍ദ്ധനവിനായി സംമരം ചെയ്യേണ്ടിവരുന്നത് മോശം അവസ്ഥ വ്യക്തമാക്കുന്നതാണ്. അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംസാരിച്ച് കെസി വേണുഗോപാലും ആശമാരുടെ ദുരിതം എണ്ണിപ്പറഞ്ഞു. നിലവിലുള്ള 7000 രൂപയ്ക്ക് പകരം ആശാ വര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണം. വര്‍ഷങ്ങളുടെ സേവനം കഴിഞ്ഞ ശേഷം വെറുംകൈയ്യോടെ വിരമിക്കേണ്ടി വരുന്നത് ശരിയല്ല. പണമില്ലാതെ ആരും ജോലിക്ക് വരില്ല. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. സമരം ചെയ്യുന്ന സാധാരക്കാരയാ സ്ത്രീകളെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അപമാനിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മലയാളത്തില്‍ വിഷയമുന്നയിച്ച വി കെ ശ്രീകണ്ഠനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചു. എത്രയും വേഗം പരിഹാരം കാണാന്‍ ശ്രമം വേണമെന്നും ആവശ്യപ്പെട്ടു. മന്ത്രിമാര്‍ സഭയില്‍ ഉണ്ടായിരുന്നെങ്കിലും ആരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here