സിക്കിമിൽ ആശമാർ സ്ഥിരം ജീവനക്കാർ; തെളിവിതാ… മന്ത്രി വീണാ ജോർജ് പറഞ്ഞതെല്ലാം കള്ളം

രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നതിന് പുറമെ ആശ (Accredited Social Health Activist) വർക്കർമാരെ സ്ഥിരം ജീവനക്കാരായും അംഗീകരിച്ച ആദ്യ സംസ്ഥാനമെന്ന പദവി സിക്കിമിനാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 29ന് സംസ്ഥാനത്തെ ആശ വർക്കേഴ്സ് ഉൾപ്പടെ വിവിധ തസ്തികകളിലായി ജോലി ചെയ്തിരുന്ന 22746 താൽക്കാലിക ജീവനക്കാർക്ക് സ്ഥിരനിയമനം നൽകുന്ന ഉത്തരവ് ചിത്രങ്ങൾ സഹിതം മുഖ്യമന്ത്രി പ്രേംസിംഗ് തമാങ് ഫെയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു. 2022 ഒക്ടോബർ ഒന്നു മുതൽ ആശമാർക്ക് പ്രതിമാസം 10,000 രൂപ വീതം സിക്കിം നൽകിവരികയുമാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ടാണ് കേരളത്തിലെ ആശ വർക്കർമാരാണ് ഏറ്റവുമധികം വേതനം കൈപ്പറ്റുന്നതെന്ന് സിപിഎമ്മും സിഐടി യുവും ആരോഗ്യമന്ത്രി വീണ ജോർജും അവകാശവാദങ്ങൾ ഉന്നയിക്കുന്നത്.

ആറായിരം രൂപ മാത്രമാണ് സിക്കിമിൽ ആശമാർക്ക് നല്കുന്നതെന്നാണ് വീണ ജോർജ് നിയമസഭയിൽ ആവർത്തിച്ച് പറഞ്ഞത്. പതിനായിരം രൂപയുണ്ടെന്ന് സഭയിൽ പറഞ്ഞ രാഹുൽ മാങ്കൂട്ടം എംഎൽഎയെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ വിവരം പറഞ്ഞുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. സമാനമായി മലയാള മനോരമ മുന്നോട്ടുവച്ച വിവരങ്ങളെയും ഖണ്ഡിച്ച് വീണ ജോർജ് രംഗത്ത് എത്തിയിരുന്നു. കേരളമാണ് ആശ വർക്കേഴ്‌സിന് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന വാദമാണ് ആരോഗ്യമന്ത്രി ഇപ്പോഴും ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് കേവലം 232 രൂപയാണ് ഇപ്പോള്‍ ആശമാര്‍ക്ക് ദിവസവേതനമായി കിട്ടുന്നത്. മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരുന്ന ആശമാര്‍ക്കു യാത്രാക്കൂലി പോലും കൈയില്‍നിന്നാണ് നല്‍കേണ്ടി വരുന്നതെന്നു സമരസമിതി പറയുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നതെന്നും ആശമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നുമാണ് ആരോഗ്യമന്ത്രിയും സർക്കാരും ആവര്‍ത്തിക്കുന്നത്. സംസ്ഥാനം നല്‍കുന്ന 7000 രൂപയും ഫിക്‌സഡ് ഓണറേറിയമായ 3000 രൂപയും മറ്റ് സേവനങ്ങള്‍ക്കുള്ള പ്രതിഫലവും ആയി 13000 രൂപയോളം ആശമാര്‍ക്ക് കിട്ടുന്നുണ്ടെന്നാണ് മന്ത്രി വീണ പറയുന്നത്.

ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക, പ്രതിമാസ ശമ്പളം 21,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരളത്തിലെ ആശ വർക്കേഴ്സ് കഴിഞ്ഞ 26 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തി വരുന്നത്.
കേരളത്തിൽ സമരം നടത്തുന്ന ആശമാർക്ക് ലഭിക്കുന്നത് ഉയർന്ന ഓണറേറിയവും പ്രതിമാസ ശമ്പളവുമാണെന്ന് വാദിക്കുന്നവരാണ് സി ഐ ടി യു. ഇതേ സംഘടന തന്നെ കഴിഞ്ഞ വർഷം നവംബർ 29 ന് ഡൽഹിയിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള ആശ വർക്കേഴ്സിനെ പങ്കെടുപ്പിച്ചു കൊണ്ട് ജന്തർമന്ദിറിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ആശമാർക്ക് പ്രതിമാസം 26000 രുപ വേതനം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയതെന്ന് പാർട്ടി പത്രമായ പീപ്പിൾസ് ഡെമോക്രസി (Peoples Democracy) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

26,000 രൂപ പ്രതിമാസ വേതനം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പോയി സമരം നടത്തിയ സംഘടനയുടെ വക്താക്കൾ കേരളത്തിൽ ഇപ്പോൾ കിട്ടുന്ന ഓണറേറിയയവും വേതനവും വർദ്ധിപ്പിക്കണമെന്ന ആശമാരുടെ ആവശ്യത്തോട് മുഖം തിരിക്കുകയും അവരെ അധിക്ഷേപിക്കുകയുമാണ്. സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേനേയും അവരുടെ നേതാക്കളേയും അങ്ങേയറ്റം ഹീനമായ വാക്കുകൾ ഉപയോഗിച്ചാണ് സിഐടിയു നേതാക്കൾ ആക്രമിക്കുന്നത്. അരാജകവാദികൾ, പാട്ടപ്പിരിവുകാർ, സാംക്രമിക രോഗം പടർത്തുന്ന കീടങ്ങൾ, ഉമ്മ കൊടുക്കുന്നവർ എന്നൊക്കെയാണ് സിഐടിയു നേതാക്കളായ എളമരം കരീം, പി ബി ഹർഷകുമാർ, കെ എൻ ഗോപിനാഥ് എന്നിവർ ആക്ഷേപിച്ചത്. സ്ത്രീകളെന്ന പരിഗണനപോലും നൽകാതെയാണ് ഈ തൊഴിലാളി നേതാക്കൾ അത്യന്തം മലീമസമായ വാക്കുകൾ കൊണ്ട് സമരക്കാരെ ആക്ഷേപിച്ചത്.
ഓണറേറിയവും ഇന്‍സന്റീവും മാസങ്ങളായി മുടങ്ങിയതോടെ ഫെബ്രുവരി 10 മുതലാണ് ആശമാര്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര രംഗത്തേക്ക് ഇറങ്ങിയത്. ഓണറേറിയം 21,000 രൂപയാക്കുക, 62-ാം വയസില്‍ വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണെന്ന സർക്കാരിൻ്റെ അവകാശവാദം പ്രതിപക്ഷവും ആശമാരും പൊളിച്ചടുക്കിയിട്ടും മുട്ടാപ്പോക്ക് ന്യായീകരണങ്ങൾ നിരത്തി തടിതപ്പാനാണ് ശ്രമിക്കുന്നത്.

രാപകല്‍ സമരം എന്ന നിലയിലാണു പ്രതിഷേധം ആരംഭിച്ചത്. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ പിന്നീട് അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു. 26,000ത്തോളം ആശമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ വലിയതോതില്‍ ഉണ്ടായ സമ്മര്‍ദങ്ങളെ അതിജീവിച്ചു നൂറുകണക്കിനു സ്ത്രീകളാണ് സെക്രട്ടേറിയറ്റ് നടയിൽ ഇപ്പോഴും സമരവുമായി മുന്നോട്ട് പോകുന്നത്. ആശാ സമരം തീർക്കുന്നതിൽ ആരോഗ്യ മന്ത്രി പരാജയപ്പെട്ടുവെന്ന വിമർശനമാണ് കൊല്ലത്ത് നടക്കുന്ന സിപിഎം സമ്മേളനത്തിൽ ഉയർന്നത്.
ആശമാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം ജീവനക്കാരുടെ ദിവസവേതനം 700 രൂപയാക്കുമെന്ന് 2021ലെ പ്രകടനപത്രികയില്‍ സിപിഎമ്മും ഇടത് മുന്നണിയും വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശമാരുടെ ആവശ്യങ്ങളോടു മുഖംതിരിക്കുന്ന സമീപനമാണു സര്‍ക്കാര്‍ തുടരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here