പിണറായി സര്‍ക്കാര്‍ പാവങ്ങളോട് കണ്ണുതുറക്കാത്ത ദൈവമെന്ന് സിപിഐ നേതാവ്; സിപിഎം പരിഹസിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കെകെ ശിവരാമന്‍

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അധിക്ഷേപിക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ സിപിഐ ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി കെകെ ശിവരാമന്‍. കണ്ണില്‍ ചോരയില്ലാത്ത, മനുഷ്യസ്‌നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമാണെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിവരാമന്റെ കടുത്ത വിമര്‍ശനമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷം ചമഞ്ഞ് സിപിഎം നടത്തുന്ന മനുഷ്യത്വ വിരുദ്ധ സമീപനങ്ങള്‍ക്ക് എതിരെ അതിരൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്.
സമരക്കാര്‍ അരാജകവാദികളാണെന്നും പാട്ട പിരിവുകാരെന്നുമൊക്കെ സിപിഎം നേതാക്കള്‍ അധിക്ഷേപിക്കുന്നതിന് ഇടയിലാണ് മുന്നണിയിലെ രണ്ടാമത്തെ കക്ഷി നേതാക്കളുടെ തുറന്ന് പറച്ചില്‍. സര്‍ക്കാര്‍ കണ്ണു തുറക്കാത്ത ദൈവമായി മാറിയപ്പോഴാണ് അവര്‍ സമരത്തിനിറങ്ങിയതെന്ന് പറഞ്ഞാണ് ശിവരാമന്‍ ശക്തമായി സമരത്തെ പിന്തുണക്കുന്നത്.
പ്രതിമാസം 7000 രൂപയ്ക്ക് അതിരാവിലെ മുതല്‍ ഇരുളുവോളം ജോലി ചെയ്യുന്നവരാണ് ആശാവര്‍ക്കര്‍മാര്‍. അവരുടെ നേരെ കണ്ണുതുറക്കാത്ത സര്‍ക്കാര്‍, പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളവും, സര്‍വ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും വീണ്ടും ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷ നയമാണോ?
നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്ലതുപോലെ വര്‍ദ്ധിപ്പിച്ചു. പക്ഷേ ആശാവര്‍ക്കര്‍മാര്‍ക്ക് പുലയാട്ട്. കണ്ണില്‍ ചോരയില്ലാത്ത, മനുഷ്യസ്‌നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലധികമായി തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഇടതുമുന്നണിയില്‍ നിന്ന് ഇത്ര ശക്തമായ പ്രതികരണം ഇതാദ്യമായാണ്.
സമരത്തെ എങ്ങനെയൊക്കെ ആണ് രാഷ്ട്രീയ അധികാരികള്‍ അധിക്ഷേപിച്ചത്. മൂന്നാറില്‍ നടന്ന പെണ്‍കള്‍ ഒരുമൈ സമരത്തോട് ചിലര്‍ വിശേഷിപ്പിച്ചു. പക്ഷേ അവര്‍ മറന്നുപോയ ഒരു കാര്യമുണ്ട് പെണ്‍കള്‍ ഒരുമൈ സമരത്തില്‍ പങ്കെടുത്തവര്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു. വിധ്വംസക ശക്തികളാണ് ആശാവര്‍ക്കര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്ന്, ചില രാഷ്ട്രീയ യജമാനന്മാര്‍ പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം രോഷത്തോടെ കുറിച്ചിട്ടുണ്ട്.
ശിവരാമന്റെ പോസ്റ്റിന് താഴെ കമന്റ് ബോക്‌സില്‍ സിപിഎം അനുഭാവികളുടെ അസഭ്യ പെരുമഴയാണ്. ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് ചെവി കടിക്കയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
‘എടോ കുത്തിത്തിരിപ്പ് കഴുതേ 7000 രൂപ ഓണറേറിയം മാത്രമാണ്.. 13500 ആണ് ശരാശരി അവര്‍ക്ക് കിട്ടുന്നത്.. ഏതെങ്കിലും ഒരു തൊഴിലാളി വിഭാഗമല്ല വോളണ്ടിയര്‍മാരാണ്.. അതും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സെന്റീവും ഓണറേറിയവും കൊടുക്കുന്നത് കേരളമാണ് ‘ ഇങ്ങനെ പോകുന്നു കമന്റുകള്‍.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ അന്ത്യശാസന നല്‍കി കഴിഞ്ഞു ഉടന്‍ ജോലിയില്‍ പ്രവേശിക്കണം ഇല്ലെങ്കില്‍ ഫലം വ്യക്തം, ജോലിയില്‍ നിന്ന് പിരിച്ചുവിടും. ആശാവര്‍ക്കര്‍മാരുടെ വേതനം 7000 രൂപയാണ്. അതിത്തിരി വര്‍ദ്ധിപ്പിക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ കണ്ണുതുറക്കാതെ ദൈവമായി മാറിയപ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
സമരത്തെ എങ്ങനെയൊക്കെയാണ് രാഷ്ട്രീയ അധികാരികള്‍ അധിക്ഷേപിച്ചത്. മൂന്നാറില്‍ നടന്ന പെണ്‍കള്‍ ഒരുമൈ സമരത്തോട് ചിലര്‍ വിശേഷിപ്പിച്ചു . പക്ഷേ അവര്‍ മറന്നുപോയ ഒരു കാര്യമുണ്ട് പെണ്‍കള്‍ ഒരുമൈ സമരത്തില്‍ പങ്കെടുത്തവര്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു. വിധ്വംശക ശക്തികളാണ് ആശാവര്‍ക്കര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടത് എന്ന്, ചില രാഷ്ട്രീയ യജമാനന്മാര്‍ പ്രചരിപ്പിക്കുന്നു.
പ്രതിമാസം 7000 രൂപ വരുമാനമുള്ള, അതിരാവിലെ മുതല്‍ ഇരുളുവോളം ജോലി ചെയ്യുന്നവരാണ് ആശാവര്‍ക്കര്‍മാര്‍. അവരുടെ നേരെ കണ്ണു തുറക്കാത്ത സര്‍ക്കാര്‍, പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളവും, സര്‍വ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി എസ് സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും വീണ്ടും ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷ നയമാണോ? നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്ലതുപോലെ വര്‍ദ്ധിപ്പിച്ചു. പക്ഷേ ആശാവര്‍ക്കര്‍മാര്‍ക്ക് പുലയാട്ട്. കണ്ണില്‍ ചോരയില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here