പാട്ടപ്പിരിവുകാർ, കൃമികീടം, കുടയും ഉമ്മയും… ആശമാർക്കെതിരായ അധിക്ഷേപങ്ങൾ!! വിഎസിൻ്റെയും മണിയുടെയും സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ മറക്കാവതോ

ആശാവർക്കർമാരുടെ സമരത്തെ എതിർക്കുന്നു എന്ന പേരിൽ സിപിഎമ്മിൻ്റെ തൊഴിലാളി നേതാക്കന്മാർ സ്ത്രീത്വത്തെ അപമാനിക്കുന്നത് പതിവാക്കിയിരിക്കുന്നു. അരാജകവാദികൾ, പാട്ടപ്പിരിവുകാർ, സാംക്രമിക രോ‌ഗങ്ങൾ പരത്തുന്ന കൃമികീടങ്ങൾ എന്നുതുടങ്ങി, സമരപ്പന്തലിൽ കണ്ട സുരേഷ് ഗോപി കുടയ്ക്കൊപ്പം ഉമ്മയും കൊടുത്തോ എന്നതുവരെ എത്തിനിൽക്കുന്നു സിഐടിയു നേതാക്കൾ അടക്കം നടത്തുന്ന അങ്ങേയറ്റം അധിക്ഷേപ പരാമർശങ്ങൾ. തൊഴിലാളി നേതാക്കന്മാർ മാത്രമല്ല, മുൻ മുഖ്യമന്ത്രി മുതൽ സാദാ കേഡർമാർ വരെ സ്ത്രീകളെ അപമാനിക്കന്നതിൽ മുൻപന്തിയിലാണ്. സ്ത്രീസമത്വവും സ്ത്രീസുരക്ഷയും തരാതരം പോലെ വിളമ്പുന്നവരാണ് ഇതെല്ലാം പറയുന്നത് എന്നതാണ് ഏറ്റവും കഷ്ടം.

സമരം തുടങ്ങിയിട്ട് 23 ദിവസത്തിനിടയിൽ മൂന്ന് പ്രധാനപ്പെട്ട സിഐടിയു നേതാക്കളാണ് സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്. സമരം തുടങ്ങിയതിന് തൊട്ടു പിന്നാലെ സിഐടിയു അഖിലേന്ത്യ സെക്രട്ടറി എളമരം കരീം സമരത്തെ അധിക്ഷേപിച്ചു കൊണ്ട് ദേശാഭിമാനിയിൽ നെടുങ്കൻ ലേഖനമെഴുതി. അരാജക സംഘടനക്കാരാണ് സമരത്തിന് പിന്നിൽ എന്നായിരുന്നു കരിമിൻ്റെ പ്രധാന ആരോപണം. ‘ആര്‍ക്കുവേണ്ടിയാണ് ഈ സമര നാടകം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലുടനീളം പ്രതിഷേധം അനാവശ്യമാണെന്ന് സമര്‍ത്ഥിക്കുകയാണ്. മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികൾ സംഘടിപ്പിച്ച ‘പൊമ്പിള ഒരുമൈ’ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. ചില അരാജക സംഘടനകള്‍ ഏതാനും ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും കരീം ലേഖനത്തില്‍ ആരോപിച്ചു.

കരീമിന് തൊട്ടുപിന്നാലെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ബി ഹർഷകുമാർ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എസ് മിനിയെ സാംക്രമിക രോഗം പരത്തുന്ന കൃമികീടമെന്നാണ് വിശേഷിപ്പിച്ചത്. ബസ് സ്റ്റാൻൻ്റുകളിൽ പാട്ടപ്പിരിവ് നടത്തുകയാണ് ഇവരുടെ പ്രധാന പരിപാടിയെന്നും ആക്ഷേപിച്ചു. സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ആശാവർക്കർമാരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചതിനെ പരാമർശിച്ചു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് പറഞ്ഞ അധിക്ഷേപം അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരുന്നു. “സമരനായകൻ എത്തുന്നുവെന്നാണ് പ്രചരിപ്പിച്ചത്. വന്നതിനു പിന്നാലെ സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുത്തു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ പതിവുണ്ടായിരുന്നു. ആരോ പരാതി കൊടുത്തപ്പോൾ അത് നിർത്തി” -എന്നാണ് ഗോപിനാഥ് ഇന്നലെ കൊച്ചിയിൽ പറഞ്ഞത്.

കമ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും കൂടുതൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ളത് മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും, മുൻ മന്ത്രി എം എം മണിയുമാണ്. അങ്ങേയറ്റം വഷളത്തരം നിറഞ്ഞ പരാമർശങ്ങളാണ് ഇരു നേതാക്കളും നടത്തിയിട്ടുള്ളത്. മിക്കപ്പോഴും ഗ്രാമീണ ശൈലി, നാടൻ പ്രയോഗം, നിഷ്കളങ്ക കമൻ്റ് എന്നൊക്കെ വിശേഷിപ്പിച്ച് ഇവരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ലളിതവൽക്കരിക്കാനാണ് അണികളും നേതാക്കളും ശ്രമിക്കാറുള്ളത്.

മകളുടെ പ്രായം മാത്രമുള്ള സിന്ധു ജോയിയെക്കുറിച്ച് “പലവട്ടം ഉപയോഗിച്ച ശേഷം തള്ളിയ അഭിസാരികയെ പോലെയാണ് എസ്എഫ്ഐ നേതാവായ സിന്ധു ജോയിയെ കോൺഗ്രസുകാർ കൈകാര്യം ചെയ്തത്” എന്ന വിഎസിൻ്റെ പ്രയോഗം കേട്ട് രാഷ്ട്രീയകേരളം ലജ്ജിച്ച് തല താഴ്ത്തേണ്ടി വന്നതാണ്. വിവാദമായപ്പോൾ തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു എന്ന് പറഞ്ഞ് വിഎസ് തടിയൂരി. എസ്എഫ്ഐ യുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സിന്ധു ജോയി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ച ശേഷം പിന്നീടവർ രാഷ്ടീയം തന്നെ ഉപേക്ഷിക്കുകയായിരുന്നു. സിപിഎം വിട്ടു കോൺഗ്രസിലേക്കു പോയപ്പോൾ സിന്ധു ജോയിയെ തന്നെ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വിഎസ് ‘ഒരുത്തി’ എന്നു വിളിച്ചതും വിവാദമായിരുന്നു. “കേന്ദ്രത്തിലെ അഴിമതി കാരണം സാധാരണക്കാർ പോലും കോൺഗ്രസുകാരൻ ആണെന്നു പറയാൻ മടിക്കുന്ന ഇക്കാലത്ത് ‘ഒരുത്തി’ കോൺഗ്രസിലേക്കു പോകുന്നതിൽ നിങ്ങൾക്ക് അത്ഭുതം ഇല്ലെങ്കിലും നാട്ടുകാർക്ക് അത്ഭുതമാണ്”, എന്നായിരുന്നു വിഎസിൻ്റെ ആദ്യ അധിക്ഷേപം.

വിഎസിൻ്റെ കുപ്രസിദ്ധമായ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. അധികാരം കിട്ടിയാൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരെ കൈയ്യാമം വെച്ച് തെരുവിലൂടെ നടത്തുമെന്നൊക്കെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പറഞ്ഞ അതേ വ്യക്തി തന്നെയാണ് മോശം പദങ്ങൾ ഉപയോഗിച്ച് എതിർ പാർട്ടിയിലുള്ള സ്ത്രീകളെ അപമാനിച്ചത്.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മലമ്പുഴയിൽ വിഎസിൻ്റെ എതിർ സ്ഥാനാർഥിയായിരുന്ന കെപിസിസി മുൻ സെക്രട്ടറി ലതികാ സുഭാഷ്, തിരുവല്ല എംഎൽഎ ആയിരുന്ന എലിസബത്ത് മാമ്മൻ മത്തായി തുടങ്ങിയവർക്കെതിരെ വിഎസ് ഉപയോഗിച്ച ഭാഷയും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലതികാ സുഭാഷ് ഒരു തരത്തിൽ പ്രസിദ്ധയാണെന്നും ഏതു തരത്തിലാണ് എന്നു മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്നും ആയിരുന്നു മലമ്പുഴയിൽ തൻ്റെ എതിരാളിയായി വന്ന ലതികാ സുഭാഷിനെതിരെ വിഎസ് തിരഞ്ഞെടുപ്പു കാലത്ത് പറഞ്ഞത്. ഈ പ്രസ്‌താവന വിവാദമായതോടെ ലതിക കെപിസിസി സെക്രട്ടറിയെന്ന നിലയിൽ പ്രശസ്‌തയാണ് എന്നാണ് താൻ ഉദ്ദേശിച്ചതെന്ന പ്രസ്‌താവന നടത്തി വിഎസ് തടിയൂരുകയായിരുന്നു.

തിരുവല്ല ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച കേരള കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ എലിസബത്ത് മാമ്മൻ മത്തായിയെ എതിരാളിയുടെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ ‘വല്യമ്മ’ എന്ന് പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദൻ വിശേഷിപ്പിച്ചത് വിമർശനത്തിന് ഇടയാക്കി. മറ്റൊരു തിരഞ്ഞെടുപ്പ് യോഗത്തിനിടയിൽ കോട്ടയത്ത് മാധ്യമങ്ങൾക്കായി നടത്തിയ മുഖാമുഖത്തിൽ സോണിയാ ഗാന്ധിയുടെ പര്യടനം യുഡിഎഫ് അനുകൂല തരംഗമുണ്ടാക്കുമോ എന്നു ചോദിച്ചപ്പോൾ ‘തള്ളച്ചി’യുടെ പര്യടനം കൊണ്ട് ഒരു ഗുണവുണ്ടാകില്ല എന്ന വിഎസിൻ്റെ മറുപടിയും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2006ൽ വിമാനയാത്രക്കിടയിൽ മന്ത്രി പി ജെ ജോസഫ് ഉപദ്രവിച്ചുവെന്ന് ആരോപണം ഉന്നയിച്ച വനിത ‘അമ്മൂമ്മ’ ആണെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ കമന്റ്.

ഇതിനേക്കാൾ അങ്ങേയറ്റം നാണം കെട്ടതും ഭീകരവുമായ പദാവലികൾ സ്ത്രീകൾക്കെതിരെ നടത്തുന്ന നേതാവാണ് മന്ത്രി പദവി വരെ അലങ്കരിച്ച എം എം മണി. പൊമ്പിളൈ ഒരുമൈ സംഘടനയിൽപ്പെട്ട വനിതകൾ വേതന വർദ്ധനവിനായി നടത്തിയ സമരത്തെക്കുറിച്ച് മണി നടത്തിയ പ്രസംഗം കേരളത്തിന് ഒരുകാലത്തും മറക്കാവുന്നതല്ല. “പൊമ്പിളൈ ഒരുമൈയുടെ സമരകാലത്ത് അവിടെ കാട്ടിലായിരുന്നു മറ്റേ പരിപാടി”, എന്നായിരുന്നു മണിയുടെ വാക്കുകള്‍. ഇത് വിവാദമായതോടെ മന്ത്രി ഖേദപ്രകടനം നടത്തി തലയൂരുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി രംഗത്തുവന്നു. മണിയുടെ പ്രസംഗത്തിനെതിരെ മൂന്നാര്‍ ഡിവൈഎസ്പിക്ക് പൊതു പ്രവർത്തകനായ ജോര്‍ജ് വട്ടുകുളം പരാതിയും നല്‍കി, പക്ഷെ നടപടിയൊന്നും ഉണ്ടായതായി അറിവില്ല.

പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിൻസിപ്പൽ തന്റെ ഓഫീസ് മുറിയുടെ വാതിലുകൾ അടച്ചുകൊണ്ട് ‘മറ്റു ചില പരിപാടികൾ ഏർപ്പെടുന്നുണ്ട്’, എന്നായിരുന്നു ഒരിക്കൽ മണിയുടെ കണ്ടുപിടുത്തം.’പ്രിൻസിപ്പലിന് മറ്റൊരു രോഗമുണ്ട്, അല്ലെങ്കിൽ എന്തിനാണ് അവർ വാതിൽ അടയ്ക്കുന്നത്’ എന്നും മണി ചോദിച്ചിട്ടും ഇടതുപക്ഷത്ത് നിന്നോ സ്ത്രീപക്ഷത്ത് നിന്നോ കാര്യമായ പ്രതിഷേധം ഒന്നുമുണ്ടായില്ല എന്നതിൽ നിന്ന് തന്നെ പലരുടെയും ഇരട്ടത്താപ്പ് വെളിച്ചത്ത് വരുന്നുണ്ട്. ആർഎംപി നേതാവ് കെ കെ രമക്കെതിരെ നിയമസഭയിൽ മണി നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘വിധവയായത് അവരുടെ വിധിയാണ്’ എന്ന് മണി നിയമസഭയിൽ പറഞ്ഞിട്ടും ഒരു ഇടത് നേതാവു പോലും അദ്ദേഹത്തെ തിരുത്തുകയോ അദ്ദേഹത്തിന് വേണ്ടി ഖേദം പ്രകടിപ്പിക്കുകയോ ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top