ആശമാരുടെ നിരാഹാര പ്രഖ്യാപനത്തില്‍ വിറച്ച് സര്‍ക്കാര്‍; ഉച്ചയ്ക്ക് 12.30ന് ചര്‍ച്ച

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ 38 ദിവസമായി സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍. നാളെ മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചതോടെയാണ് അടിയന്തരമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. എന്‍എച്ച്എം ഡയറക്ടറാണ് ചര്‍ച്ച നടത്തുക.

ഉച്ചക്ക് 12.30നാണ് ചര്‍ച്ചക്ക് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രി ആശമാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആ ചര്‍ച്ച പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ സമരത്തെ അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്നു. എന്നാല്‍ സമരം 38 ദിവസമായി തുടരുന്നതും നാളെ നിരാഹാരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ അനുനയനത്തിന് തയാറായിരിക്കുന്നത്.

നേരത്തെ ഹോണറേറിയം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും ചര്‍ച്ച നടത്തുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ ആശമാര്‍ സ്വാഗതം ചെയ്തു. തങ്ങളുടെ ആവശ്യം പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് സര്‍ക്കാരിനെ അറിയിക്കും. വേതന വര്‍ദ്ധന പ്രഖ്യാപിക്കാതെ ഒരു തരത്തിലും പിന്‍മാറില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചക്ക് തയ്യാറായത് തന്നെ വലിയ കാര്യമാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തുടര്‍ ദിവസങ്ങളില്‍ ആശമാരുടെ സേവനം ആവശ്യമായ ദിവസങ്ങളാണ്. ഡെങ്കു പ്രതിരോധം അടക്കം നടത്തേണ്ടതുണ്ട്. അതുകാണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായതെന്നും ആശമാര്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top