സിപിഎമ്മിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ്; മികച്ച ഭരണം കാഴ്ചവച്ചതുകൊണ്ടാണ് ഭരണത്തുടർച്ച ലഭിച്ചത്; രാജസ്ഥാൻ മുഖ്യമന്ത്രിക്ക് മറുപടിയുമായി സതീശന്‍

ജയ്പൂർ: കേരളത്തിലെ കോൺഗ്രസിന് തിരിച്ചടിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്റെ പരാമര്‍ശം. കേരളത്തിൽ സിപിഎം തുടർ ഭരണത്തിലെത്തിയത് പോലെ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഭരണത്തുടര്‍ച്ച നേടുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവന. നവകേരള സദസ് അടക്കം ചൂണ്ടിക്കാട്ടി കേരളത്തിൽ ഇടത് സർക്കാറിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനമുന്നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

“കോൺഗ്രസ് സർക്കാറിനൊപ്പമാണ് രാജസ്ഥാനിലെ ജനങ്ങളുടെ മനസ്സ്. 70 വർഷം കേരളത്തിൽ കോൺഗ്രസും സിപിഎമ്മും ഒന്നിടവിട്ട് മാറിമാറി ഭരിച്ചു. എന്നാൽ ഇത്തവണ സിപിഎം വീണ്ടും അധികാരത്തി​ലെത്തി. മികച്ച ഭരണം സിപിഎം കാഴ്ചവച്ചതുകൊണ്ടാണ് അവർക്ക് തുടർ ഭരണം ലഭിച്ചത് ” – എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ വാക്കുകൾ. രാജസ്ഥാനിൽ ഇത്തവണ കോൺഗ്രസിന് തുടർഭരണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ തുടരണമെങ്കിൽ കോൺഗ്രസ് തന്നെ ഭരണത്തിലെത്തണം. ബിജെപി അധികാരത്തിലെത്തിയാൽ തൻ്റെ സർക്കാർ ആരംഭിച്ച മുഴുവൻ പദ്ധതികളും അവർ നിർത്തുമെന്നും അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. വോട്ട് രേഖപ്പെടുത്തുമ്പോൾ ജനങ്ങൾക്ക് തെറ്റ് സംഭവിക്കില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അശോക് ഗെഹ്‍ലോട്ടിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. ഇടതു സർക്കാരിനെ അശോക് ഗെഹ്‍ലോട്ട് പ്രശംസിച്ച കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രാജസ്ഥാൻ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കേരളത്തിലെ കാര്യം അറിയാൻ സാധിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം.

‘‘കേരളത്തിലെ ഭരണം മികച്ചതാണോ എന്ന കാര്യം അദ്ദേഹം എങ്ങനെ അറിയും? എൽഡിഎഫ് സർക്കാരിനെ പുകഴ്ത്തി രാജസ്ഥാൻ മുഖ്യമന്ത്രി സംസാരിച്ചതിൽ ഔചിത്യമില്ല. ഞങ്ങളാരെങ്കിലും പറഞ്ഞാൽ മാത്രമല്ലേ അദ്ദേഹത്തിന് ഇവിടുത്തെ കാര്യം അറിയാൻ കഴിയുകയുള്ളു. ഞങ്ങളൊന്നും പറയാറില്ല’’–സതീശൻ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സിപിഎം പുകഴ്ത്തലിനെപ്പറ്റി മറ്റ് കോൺഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top