കേന്ദ്ര ഏജന്‍സികളെ ഭയമെന്ന് സോണിയയോട് കരഞ്ഞ് പറഞ്ഞത് താനല്ലെന്ന് അശോക്‌ ചവാന്‍; രാഹുലിന്‍റെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളത്

മുംബൈ: കേന്ദ്ര ഏജന്‍സികളെ പേടിച്ച് സോണിയ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ് പാര്‍ട്ടി വിട്ട നേതാവ് താനല്ലെന്ന് അശോക്‌ ചവാന്‍. രാഹുലിന്റെത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ആരോപണമാണെന്നും രാജി വെക്കുന്നതിന് മുന്‍പ് സോണിയ ഗാന്ധിയെ കണ്ടിട്ടില്ലെന്നും അശോക്‌ ചവാന്‍ പ്രതികരിച്ചു. എംഎല്‍എ പദവിയില്‍ നിന്നാണ് ആദ്യം രാജിവച്ചത്. പിന്നീട് പാര്‍ട്ടിയില്‍ നിന്നും. അതുവരെ ആര്‍ക്കും രാജിവച്ചത് അറിയില്ല. എന്റെ പ്രശ്നങ്ങള്‍ സോണിയ ഗാന്ധിയെ കണ്ട് പറഞ്ഞെന്നുള്ളത് അടിസ്ഥാനരഹിതമാണെന്നും അശോക്‌ ചവാന്‍ വ്യക്തമാക്കി.

ഇഡിയെ ഭയന്ന് ജയിലില്‍ പോകാനില്ലെന്ന് സോണിയ ഗാന്ധിയോട് കരഞ്ഞുപറഞ്ഞാണ് ഒരു കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഭാരത്‌ ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാറാലില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ‘സോണിയാജി എനിക്ക് പറയാന്‍ പ്രയാസമുണ്ട്, പക്ഷെ ഇവര്‍ക്കെതിരെ പോരാടാന്‍ എനിക്ക് അധികാരമില്ല. എനിക്ക് ജയിലില്‍ പോകാന്‍ ആഗ്രഹമില്ല’ അയാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞതായി രാഹുല്‍ വെളിപ്പെടുത്തി.

ഇഡിയോ സിബിഐയോ ഐടി വകുപ്പോ ഇല്ലാതെ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതിനിടെയാണ് പാര്‍ട്ടി വിട്ടുപോയ ഒരു നേതാവിനെ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയും. ഇഡിയെ പേടിച്ച് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും അത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചവാന്‍ ആണെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

ബിജെപിയില്‍ ചേര്‍ന്നയുടന്‍ രാജ്യസഭാംഗമായ ആളായിരുന്നു അശോക്‌ ചവാന്‍. എന്‍ഡിഎ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ധവളപത്രത്തില്‍ ആദർശ് കുംഭകോണത്തെ പറ്റി സൂചനയുണ്ടായിരുന്നെന്നും അതാണ്‌ ചവാന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണമായതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചവാനെതിരെയുള്ള മൂന്ന് കേസുകളില്‍ രണ്ടെണ്ണം ആദര്‍ശ് കുംഭകോണവുമായി ബന്ധപ്പെട്ടതായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട മറ്റൊരു മുതിര്‍ന്ന നേതാവായിരുന്നു മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top