‘പാക്കിസ്ഥാനിലേക്കില്ല’; ഏഷ്യാ കപ്പ് ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാകും

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയാകും. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ഇന്ത്യ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് മാറ്റമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ ശ്രീലങ്കയിലെ ദാംബുള്ളില്‍ നടക്കുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ സ്ഥിരീകരിച്ചു.

ഐസിസി ബോർഡ് മീറ്റിംഗിന് മുന്‍പായി ബിസിസിഐ സെക്രട്ടറി ജയ് ഷായും പിസിബി പ്രതിനിധി തലവൻ സാക്ക അഷ്‌റഫും നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര ധാരണ പ്രകാരം വേദി തീരുമാനിച്ചത്.

പാകിസ്ഥാനിൽ ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങൾ നടക്കും, തുടർന്ന് ഇന്ത്യ- പാകിസ്ഥാൻ മത്സരം ഉൾപ്പെടെ 9 മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കും. ഇരുടീമുകളും ഫൈനലില്‍ എത്തുന്ന പക്ഷം ആ മത്സരത്തിന്റെയും വേദി ശ്രീലങ്കയായിരിക്കുമെന്ന് അരുൺ ധുമാൽ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തും എന്ന തരത്തില്‍ പാക് കായിക മന്ത്രി എഹ്‌സാൻ മസാരി അവകാശപ്പെട്ടതായി ചില പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് അരുൺ ധുമാൽ തള്ളി. നേരത്തെ 2010 ലും സമാന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ വച്ചാണ് ഇന്ത്യ-പാക് മത്സരം അരങ്ങേറിയത്.

നേപ്പാളിനെതിരെയാണ് പാകിസ്ഥാന്റെ ഏക ഹോം മത്സരം. അഫ്ഗാനിസ്ഥാൻ-ബംഗ്ലദേശ്, ബംഗ്ലാദേശ്-ശ്രീലങ്ക, ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ എന്നിവയാണ് പാകിസ്ഥാന്‍ വേദിയാകുന്ന മറ്റ് മൂന്ന് മത്സരങ്ങൾ. ഏഷ്യാകപ്പ് മത്സരങ്ങളുടെ അന്തിമ ഷെഡ്യൂള്‍ ജൂലെെ 14 ന് പ്രഖ്യാപിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top