ഏഷ്യന്‍ ഗെയിംസിന് ഞായറാഴ്ച കൊടിയിറങ്ങും; ഇന്ത്യ മടങ്ങുന്നത് ചരിത്ര നേട്ടം സ്വന്തമാക്കി; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടം ഇക്കുറി 100 കടന്നു
ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസ് ഏഷ്യന്‍ ഗെയിംസ് ഞായറാഴ്ച കൊടിയിറങ്ങാനിരിക്കെ ഇന്ത്യന്‍ മത്സരങ്ങള്‍ അവസാനിച്ചു. ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യ ചൈനയില്‍ നിന്ന് മടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 107 ആയി ഉയര്‍ന്നു. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മെഡലുകള്‍ പിറന്നത്. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് പിറന്നത്.
ഞായറാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളൊന്നുമില്ല. ഇന്ത്യയുടെ പോരാട്ടങ്ങള്‍ ഔദ്യോഗികമായി അവസാനിച്ചു. ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര 88.88 മീറ്റര്‍ ദൂരം ജാവലിന്‍ ത്രോയില്‍ കണ്ടെത്തി സ്വര്‍ണം നിലനിര്‍ത്തി. ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണമടക്കം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി.
ആര്‍ച്ചറിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമത്തെത്തി. ഇതും ചരിത്ര നേട്ടമാണ്. അങ്ങനെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി തലയുയര്‍ത്തിയാണ് ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങുന്നത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ 70 മെഡലുകളായിരുന്നു നേടിയത്. അതില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here