സ്ക്വാഷിലെ സ്വര്‍ണ്ണത്തിളക്കത്തില്‍ ദീപിക പള്ളിക്കല്‍; ഇരട്ടക്കുട്ടികളുടെ അമ്മ നടത്തിയത് അവിസ്മരണീയ തിരിച്ചുവരവ്

സോന ജോസഫ്

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയെടുത്ത തിളക്കത്തിലാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദീപിക പള്ളിക്കല്‍. ഹരീന്ദർ പാൽ സിങ് സന്ധുവിനോടൊപ്പമാണ് ദീപിക മിക്സെഡ് ഡബിള്‍സിന് ഇറങ്ങിയത്. 2011ലാണ് ദീപിക എന്ന സ്ക്വാഷ് താരം ലോകശ്രദ്ധ നേടുന്നതെങ്കിലും 2012 ലെ ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ വിട്ടു നിന്നതോടെയാണ് ഇവരുടെ നിലപാടും സ്പോര്‍ട്സ് രംഗത്തെ ആണ്‍-പെണ്‍ വിവേചനവുമൊക്കെ ചര്‍ച്ചയായത്. പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ സമ്മാനത്തുക തനിക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷത്തേക്കാണ് ദീപിക തന്‍റെ സ്ക്വാഷ് കരിയറില്‍ നിന്ന് വിട്ടുനിന്നത്.

കോട്ടയം സ്വദേശി സഞ്ജീവിന്റെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിലേക്കിറങ്ങിയ സൂസന്‍റെയും മകളാണ് റിബല്‍ എന്ന ഓമനപ്പേര് കേള്‍പ്പിച്ച സ്ക്വാഷ് താരം. 2012 ല്‍ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ വനിതാ ടീം അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ദീപിക. ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കിന്റെ ഭാര്യയായി മാറുമ്പോഴും ദീപിക സ്ക്വാഷ് കയ്യൊഴിഞ്ഞില്ല.

വിവാഹശേഷം അമ്മയായി കുടുംബത്തിന്റെ ചുമതലകളിലേക്ക് നീങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് പ്രചോദനമായി ഈ സ്ക്വാഷ് താരം. 2021ല്‍ ഇരട്ടകുട്ടികളുണ്ടായി മാസങ്ങള്‍ക്കുശേഷമാണ് 2022ലെ സ്ക്വാഷ് ഡബിൾസ് ലോക ചാമ്പ്യൻഷിപ്പില്‍ ദീപികയ്ക്ക് ഇരട്ട സ്വര്‍ണം ലഭിച്ചത്. പ്രസവശേഷമുള്ള തിരിച്ചുവരവ് പ്രത്യേകിച്ച് ഒരു കായികതാരത്തിനെ സംബന്ധിച്ചിടത്തോളം നിസ്സാരമല്ല. മാനസികമായി തയ്യാറെടുക്കുമ്പോഴും ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ദീപിക നടത്തിയ പ്രയത്നവും അതിലുപരി സ്വപ്നങ്ങളെ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത മനക്കരുത്തുമാണ് ദീപികയ്ക്ക് സ്വര്‍ണ്ണത്തേക്കാള്‍ വിലമതിച്ചത്.

ലോക ചാമ്പ്യൻഷിപ്പിലെ വിജയത്തിനുശേഷം തന്‍റെ ലക്ഷ്യം ഏഷ്യന്‍ ഗെയിംസ് ആണെന്ന് പറഞ്ഞ ദീപിക ചൈനയിലെ ഹങ്ങ്സു വേദിയില്‍ തന്റെ സ്വര്‍ണ്ണ ലക്ഷ്യം യഥാര്‍ത്ഥമാക്കിയപ്പോള്‍ത്തന്നെ അത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമായി. കായിക താരങ്ങള്‍ വിവാഹിതയും കുട്ടികളുടെ അമ്മയായുമൊക്കെ മാറുമ്പോള്‍ കരിയര്‍ ബ്രേക്ക് സ്വാഭാവികമാണെന്നും അതിനു ശേഷം സ്വര്‍ണ്ണ തിളക്കത്തോടെ തിരിച്ച് വരാന്‍ കഴിയുമെന്നും ദീപിക തെളിയിച്ചു.

“കുട്ടികളെ വിട്ടുപോയതില്‍ തീര്‍ച്ചയായും കുറ്റബോധമുണ്ട്, എന്നാല്‍ ഒരിക്കല്‍ അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ അമ്മ ഹങ്ങ്സുവില്‍ അവധിക്കാലം ആസ്വദിക്കുകയായിരുന്നില്ല; രാജ്യത്തിനും അവര്‍ക്കും വേണ്ടി മെഡല്‍ നേടാന്‍ പോയതാണ് എന്ന് മനസിലാക്കുമല്ലോ”- ഏഷ്യന്‍ ഗെയിംസ് വേദിയിലെ ആ അമ്മയുടെ മറുപടി ഇതായിരുന്നു. സ്ക്വാഷ് ലോകറാങ്കില്‍ പത്താം സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന തലക്കെട്ട് ദീപിക എന്ന സ്ക്വാഷ് താരത്തിനു മാത്രമല്ല രണ്ടുകുട്ടികളുടെ അമ്മയെന്ന താരത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top