ആദ്യ മെഡൽ ക്രിക്കറ്റിലാവുമോ? ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടത്തിനരികെ മലയാളി താരം മിന്നുമണിയും

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡല്‍ ഏത് കായിക ഇനത്തിലൂടെയാവും എന്ന ആകാംക്ഷയിലാണ് കായിക പ്രേമികൾ. നിലവിൽ അതിന് സാധ്യത ക്രിക്കറ്റിനാണുള്ളത്. ആ സസ്‌പെന്‍സ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വനിതാ ക്രിക്കറ്റിൽ സ്മൃതി മന്ദന നയിക്കുന്ന ഇന്ത്യന്‍ ടീം നാളെ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുകയാണ്. ഈ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഗെയിംസിലെ ആദ്യ മെഡലുറപ്പിക്കാം. ബംഗ്ലാദേശിനെതിരെ ഞായറാഴ്ച വൈകിട്ട് 6:30നാണ് സെമി മത്സരം.

സെമിയിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാലും ഇന്ത്യക്ക് മെഡൽ സാധ്യതയുണ്ട്. വെങ്കല മെഡലിനായുള്ള പ്ലേഓഫ് മല്‍സരം ഇന്ത്യക്കു കളിക്കേണ്ടതായി വരും എന്ന് മാത്രം. പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം സെമിയില്‍ പരാജയപ്പെടുന്നവരായിരിക്കും പ്ലേ ഓഫിലെ എതിരാളികള്‍.

പക്ഷെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുളള ക്ലാസിക്ക് ഫൈനൽ പോരാട്ടത്തിന് വേണ്ടിയാണ്. സെമിയില്‍ ഇരുടീമുകളും വിജയം കൊയ്യുകയാണെങ്കില്‍ തിങ്കളാഴ്ച സ്വര്‍ണ മെഡലിനായുള്ള ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും.

വിലക്ക് കാരണം സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു പുറത്തിരിക്കേണ്ടി വന്നതിനാലാണ് സ്മൃതിക്കു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത്. മലയാളി താരം മിന്നുമണിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ജയത്തോടെ ഇന്ത്യന്‍ ടീം ഫൈനലില്‍ കടക്കുകയാണെങ്കില്‍ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു റെക്കോഡും പിറക്കും. ഏഷ്യാഡില്‍ ക്രിക്കറ്റില്‍ മെഡൽ നേടുന്ന ആദ്യത്തെ മലയാളി താരമായി വയനാട്ടുകാരി മിന്നുമണി മാറും.

മലേഷ്യയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ പ്ലെയിംഗ് ഇലവനിൽ മിന്നുമണി ഉണ്ടായിരുന്നു. പക്ഷെ മഴ കാരണം മത്സരം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ബൗള്‍ ചെയ്യാനുള്ള അവസരം മിന്നുവിനു ലഭിച്ചില്ല. സെമിയില്‍ അതിന് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്. മിന്നുമണി

സെമി ഫൈനലില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് ഇതുവരെ 13 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 11 തവണ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ബംഗ്ലാദേശിനു ജയിക്കാനായത് രണ്ട് കളികളിൽ മാത്രമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top