റേറ്റിങില്‍ ഏഷ്യാനെറ്റ് നഷ്ടപ്രതാപം തിരിച്ചു പിടിക്കുന്നു; കേരളം വീണ്ടും ചാനൽ യുദ്ധത്തിലേക്ക്
മലയാള വാര്‍ത്താ ചാനലുകളിലെ മുടിചൂടാമന്നൻ ആയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്തള്ളി ഒന്നാം സ്ഥാനം 24 ന്യൂസിന്. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടറിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് കടുത്ത മത്സരത്തിലൂടെ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. 24 ന്യൂസുമായി ഏതാനും പോയിന്റ് വ്യത്യാസം മാത്രമുള്ളത്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ഏഷ്യാനെറ്റ്.
കഴിഞ്ഞ 25 വര്‍ഷമായി മലയാളം വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്‍തളളിയെന്നത് 24 ന്യൂസിന്റെ വലിയ നേട്ടമാണ്. ആദ്യമായി ഏഷ്യാനെറ്റ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്. 24 ന്യൂസിന്റെ നേട്ടം പടിപടിയായിട്ട് ആയിരുന്നെങ്കില്‍ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് എത്തിയത് വലിയ കുതിപ്പിലൂടെ ആയിരുന്നു.
മനോരമ, മാതൃഭൂമി തുടങ്ങിയ വമ്പന്‍ പത്രങ്ങളുടെ പിന്‍ബലമുള്ള ചാനലുകള്‍ക്ക് റേറ്റിംഗില്‍ ദയനീയ പതനമാണ് ഉണ്ടായിരിക്കുന്നത്. ഈ ആഴ്ചയിലും മനോരമ, മാതൃഭൂമി ചാനലുകള്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ തുടരുകയാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കും അവരുടെ പാരമ്പര്യവും പരിചയ സമ്പത്തും പോലും വിപണിയിൽ മുതലാക്കാനാകുന്നില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. റിപ്പോർട്ടറിനോടോ 24നോടോ ഒരു മത്സരം പോലും കാഴ്ച വയ്ക്കാൻ കഴിയാത്ത വിധം റേറ്റിംഗിൽ ബഹുദൂരം പിന്നിലാണ് ഈ രണ്ടുകൂട്ടരും.
എല്ലാ വ്യാഴാഴ്ചയുമാണ് ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റ (Broadcast Audience Research Council – BARC) റേറ്റിംഗ് വിവരങ്ങള്‍ പുറത്തു വരുന്നത്. 30, 31, 32, 33 എന്നീ ആഴ്ചകളിലെ റേറ്റിംഗിലാണ് 24 ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇക്കഴിഞ്ഞയാഴ്ച എല്ലാ ചാനലുകളുടേയും റേറ്റിംഗില്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 157.3 പോയിന്റോടെ ഒന്നാമത് നിന്ന 24 ന്യൂസ് 132.7 പോയിന്റിലേക്ക് താഴ്ന്നു. 147.6 പോയിന്റ് ഉണ്ടായിരുന്ന് ഏഷ്യാനെറ്റ് ന്യൂസിന് 132.2 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. 149.1 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവി 110.5 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റേറ്റിംഗ് കണക്കുകള്‍ വിശദമായി നോക്കിയാല്‍ മൂന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യനെറ്റ് കുതിച്ചപ്പോള്‍ കിതച്ചത് റിപ്പോര്‍ട്ടറാണ്.
ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരെ ഏഷ്യാനെറ്റിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ഈയാഴ്ച ചാനലിന് എടുത്തുകാണിക്കാവുന്ന ഏറ്റവും പ്രധാന നേട്ടമായി. ശ്രീലേഖ ആദ്യം ഈ ആരോപണം മറ്റൊരു ചാനലിൽ ഉന്നയിച്ചിരുന്നു. എന്നാൽ അവർ രഞ്ജിത്തിന്റെ പേര് പറയാന്‍ തയ്യാറാകാതെ പ്രമുഖ സംവിധായകന്‍ എന്ന് വിശേഷിപ്പിച്ചാണ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഏഷ്യാനെറ്റ് രഞ്ജിത്തിന്റെ പേരും ചിത്രവും സഹിതം വാര്‍ത്ത പുറത്തുവിട്ടതോടെയാണ് വിഷയം വൻ വിവാദത്തിന് വഴിമാറിയത്. ഇതോടെ നേരത്തെ പേര് മറച്ചവരും വെളിപ്പെടുത്താൻ നിർബന്ധിതരായി. ഇത് വലിയ പ്രചരണത്തിന് ഏഷ്യാനെറ്റ് ഉപയോഗിക്കുകയും ചെയ്തു.
വയനാട് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും വ്യതസ്ത തരത്തില്‍ അവതരിപ്പിച്ചതാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആരും അപ്രതിരോധ്യരല്ല എന്ന സന്ദേശം നല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് കഴിഞ്ഞ ആഴ്ച കഴിഞ്ഞെങ്കിലും ആ കുതിപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മികച്ച അവതരണവും വാര്‍ത്തയും ആര്‍ജവവും ഉണ്ടെങ്കില്‍ ആര്‍ക്കും ഏത് സിംഹാസനവും പിടിച്ചടക്കാം എന്ന സന്ദേശം നല്‍കാന്‍ 24 ന്യൂസിനും റിപ്പോര്‍ട്ടിനും കഴിഞ്ഞുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ അത് നിലനിര്‍ത്തുക എന്നത് ഏറെ ദുഷ്‌കരവും.
ചാനലുകളുടെ റേറ്റിംഗ് മത്സരത്തില്‍ നേരിയ ചലനം പോലും കാഴ്ചവെക്കാനാവാതെ പാതിവെന്ത അവസ്ഥയിലാണ് മനോരമയും മാതൃഭുമിയും. ഈ രണ്ട് ചാനലുകള്‍ക്കും ടെലിവിഷന്‍ വാര്‍ത്താരംഗത്ത് അടുത്ത കാലത്തെങ്ങും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ചതഞ്ഞ വാര്‍ത്താ അവതരണ ശൈലിയും പഞ്ചില്ലാത്ത വാര്‍ത്തകളുമാണ് ഇരു ചാനലുകളുടേയും പ്രത്യേകത. ഒന്നിലും ഒരു നിലപാടില്ലാത്ത അഴകൊഴമ്പന്‍ ശൈലിയാണ് പിന്തുടരുന്നത്. എതിരാളികൾ ചെയ്യുന്നത് അതുപോലെ പിന്തുടർന്നാൽ സേഫായി എന്ന് കരുതുന്നവരാണ് തലപ്പത്ത്. സ്വന്തമായി ഒരു പരീക്ഷണവും നടത്താൻ മലയാളത്തിലെ ഈ രണ്ട് ‘ലെഗസി മീഡിയ’കൾക്കും കെൽപില്ല എന്നതാണ് കഷ്ടം.
വാര്‍ത്താരംഗത്ത് കാര്യമായ പ്രവര്‍ത്തന പരിചമൊന്നുമില്ലാത്ത ശ്രീകണ്ഠന്‍ നായര്‍ മികച്ച ‘ഷോമാന്‍’ എന്ന നിലയില്‍ വന്‍വിജയമായി എന്നതാണ് 24നെ ഈനിലയിൽ എത്തിച്ചത്. അദ്ദേഹം വാര്‍ത്തകളെ തമാശയാക്കിയും, പ്രേക്ഷകരുമായി സംവദിച്ചും എന്റര്‍ടെയിന്‍മെന്റ് ഷോ പോലെ അവതരിപ്പിച്ചു തുടങ്ങി. ഇത് പ്രേക്ഷകരും ഇഷ്ടപ്പെട്ടു എന്നതാണ് റേറ്റിംഗ് നല്‍കുന്ന സൂചന. വാര്‍ത്താ റിപ്പോര്‍ട്ടിംഗിലും, സോഴ്‌സിലുമൊന്നും ഏഷ്യാനെറ്റ് ന്യൂസിനൊപ്പം എത്താന്‍ പ്രാപ്തി ഇല്ലാതിരുന്നിട്ടും 24 ന്യൂസിന്റെ അവതരണ ശൈലിയിലെ ഈ പ്രത്യേകതകള്‍ തന്നെയാണ് ശ്രദ്ധേയമായത്. കഥാപ്രസംഗ ശൈലിയില്‍ ഹാഷ്മി താജ് ഇബ്രാഹിം അവതരിപ്പിക്കുന്ന ചര്‍ച്ചയുടെ ഇന്‍ട്രോ രാഷ്ട്രീയ കേന്ദ്രങ്ങളെ ചൊടിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യതിട്ടുണ്ട്. ശ്രീകണ്ഠന്‍ നായരുടെ സ്‌കൂളില്‍ പഠിച്ചിറങ്ങിയ റിപ്പോര്‍ട്ടറിലെ ഡോ.അരുണ്‍ കുമാറും ഷോമാന്‍ തന്നെയാണ്. വാര്‍ത്തയെക്കുറിച്ച് പരന്ന അറിവോ സോഴ്‌സോ ഒന്നുമില്ലെങ്കിലും തട്ടും തടവുമില്ലാതെ സംസാരിക്കാനുള്ള അരുണ്‍കുമാറിൻ്റെ കഴിവാണ് റിപ്പോര്‍ട്ടറിനെ കഴിഞ്ഞ ആഴ്ച രണ്ടാം സ്ഥാനത്ത് എത്തിച്ചത്.
70കളിലും 80കളിലും കോട്ടയം മാസികകള്‍ മലയാള വായനാ രംഗത്തുണ്ടാക്കിയ പൈങ്കിളി തരംഗത്തിന്റെ പുനരാവിഷ്‌കരണമാണ് ഇപ്പോള്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്നതെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്. വര്‍ഷങ്ങളുടെ പാരമ്പര്യം ഉണ്ടായിരുന്ന രാജ്യത്തെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന് പേരും പെരുമയും നേടിയ മംഗളം ഉള്‍പ്പടെ സകല പൈങ്കിളി പ്രസിദ്ധീകരണങ്ങളും പൂട്ടിപോയി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വാരികകള്‍ക്കുണ്ടായ സ്വാഭാവിക മരണം ഇപ്പോൾ കിതയ്ക്കുന്ന വാര്‍ത്താ ചാനലുകള്‍ക്ക് സംഭവിച്ചാല്‍ അതിശയിക്കാനില്ല എന്നതും മുൻകൂട്ടി കാണണം. പ്രത്യേകിച്ച് സോഷ്യൽ മീഡിയ യുഗത്തിൽ.
കഴിഞ്ഞ നാല് ആഴ്ചകളിലെ റേറ്റിംഗില്‍ ഏഷ്യാനെറ്റിന് സംഭവിച്ച ദുരന്തം ഏറെ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. വാര്‍ത്താ അവതരണ ശൈലിയില്‍ ഇപ്പോഴും പരമ്പരാഗത ശൈലിയാണ് ഏഷ്യാനെറ്റ് ന്യൂസ് പിന്തുടരുന്നത്. കാലങ്ങളായി സ്‌ക്രീന്‍ ഉണ്ടായിരുന്ന അവതാരകരും അവരുടെ ശൈലിയും പ്രേക്ഷകർ ഏഷ്യാനെറ്റ് വിട്ടുപോകാൻ ഒരു കാരണമാണെന്ന വിലയിരുത്തലുണ്ട്. 24, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളിലെ ചുറുചുറുക്കുള്ള യുവ അവതാരകര്‍ അരങ്ങ് തകര്‍ക്കുമ്പോഴാണ് ഇത്. അന്തിചര്‍ച്ച എന്ന് വിളിക്കുന്ന ചാനലുകളിലെ എട്ടുമണി ചര്‍ച്ചയില്‍ ഏഷ്യാനെറ്റിന് ഇപ്പോഴും മേൽക്കൈയ്യുണ്ട്. എന്നാല്‍ അത് വിനു വി.ജോണ്‍ എന്ന ഒറ്റയാളുടെ പ്രകടനത്തില്‍ മാത്രമാണ്. മറ്റ് അവതാരകര്‍ എത്തുമ്പോള്‍ ഇത് നിലനിർത്താനാകുന്നില്ല എന്നത് ഏഷ്യനെറ്റിന് തലവേദനയാണ്.
റിപ്പോര്‍ട്ടര്‍ ടിവി റേറ്റിംഗില്‍ മുന്നിലെത്തിയെങ്കിലും വിശ്വാസ്യത ഇപ്പോഴും അവര്‍ക്ക് വലിയ വെല്ലുവിളിയാണ്. ചാനല്‍ മുതലാളിമാര്‍ ഉൾപ്പെട്ട വലിയ മുട്ടില്‍ മരംമുറിക്കേസ് പലവട്ടം ചർച്ചകളിൽ നിറഞ്ഞതാണ്. ചര്‍ച്ചകൾക്കിടെ ഉത്തരം മുട്ടുന്നവർ ഇത് ഉന്നയിക്കുമ്പോൾ അവതാരകര്‍ മറുപടി പറേയേണ്ട അവസ്ഥയും പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഈ വെല്ലുവിളികൾക്കെല്ലാമിടയിലും ഈയളവിൽ പ്രേക്ഷകരുടെ അംഗീകാരം നേടിയെടുക്കാനായി എന്നത് ചെറിയ നേട്ടമല്ല.
കേരളത്തില്‍ 70 ലക്ഷം വീടുകളില്‍ കേബിള്‍ കണക്ഷനോ, ഡിഷ് ആന്റിനയോ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ വെറും 700 / 800 വീടുകളിലെ സെറ്റ്‌ടോപ്പ് ബോക്സുകളിൽ റേറ്റിംഗ് പരിശോധിക്കുന്ന ബാര്‍ക്ക് മെഷീന്‍ സ്ഥാപിച്ചാണ് ഇവര്‍ ആധികാരികത അളക്കുന്നത്. ഓരോ ന്യൂസും എത്ര സമയം കാണുന്നു എന്നതിനെ അടിസ്ഥാനമാക്കി ആണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഇതിന്റെ ഒക്കെ ആധികാരികത എന്താണെന്ന് ചോദിച്ചാല്‍ ആർക്കും കൃത്യം മറുപടിയില്ല. എന്തായാലും ഏത് ചാനലിന് എത്ര സമയം പരസ്യം കൊടുക്കണമെന്ന് പരസ്യ ദാതാക്കൾ തീരുമാനിക്കുന്നത് ഈ റേറ്റിങ് നോക്കിയിട്ടാണെന്ന് ഉറപ്പിക്കാം.
കേരളത്തില്‍ ബാര്‍ക്ക് സ്ഥാപിച്ച 700 മെഷീനുകളില്‍ 90 ശതമാനവും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയാണ്. നേരത്തെ ടാം (TAM) റേറ്റിംഗ് നടത്തിയ കാലത്ത് ഇത്തരം വീടുകളിലെ റേറ്റിംഗ് സംവിധാനത്തില്‍ തിരിമറി നടത്തിയതിന് രണ്ട് പ്രധാന മലയാളം എന്റര്‍ടെയിന്‍മെന്റ് ചാനലുകളെ തൊണ്ടിസഹിതം പിടിച്ചതാണ്. ഈയടുത്ത കാലത്ത് ബാര്‍ക്ക് മെഷീനുകളില്‍ കൃത്രിമം കാണിച്ചു റേറ്റിംഗ് പെരുപ്പിച്ചു എന്ന കുറ്റത്തിന് റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതുമാണ്. ബാര്‍ക്ക് റേറ്റിംഗ് എന്നത് ഒരിക്കലും വിശുദ്ധ പശുവായി കാണേണ്ടതില്ല. പക്ഷേ എന്തിനും ഒരു വ്യവസ്ഥയും അളവുകോലും വേണം എന്നതുകൊണ്ട് തൽക്കാലം അതിന് ആശ്രയിക്കാതെ തരമില്ലെന്ന് മാത്രം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here