‘ആരെയും ആകർഷിക്കരുത്, സ്ത്രീകൾക്ക് അടക്കവും മിതത്വവും വേണം’; കൊൽക്കത്ത പീഡനത്തിന് പിന്നാലെ അസം മെഡി. കോളജിൻ്റെ സർക്കുലർ
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ ഉത്തരവ് ഇറക്കി അസം ആസ്ഥാനമായുള്ള സിൽച്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (എസ്എംസിഎച്ച്). വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിയിൽ വെളിച്ചം കുറവുള്ള സ്ഥലങ്ങളിൽ പോകരുത്, ഒറ്റപ്പെട്ടതും ആളനക്കമില്ലാത്ത ഇടങ്ങളിൽ പെരുമാറരുത്, തനിച്ചാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം എന്നിങ്ങനെ വിചിത്രമായ നിർദേശങ്ങളാണ് വനിതാ ഡോക്ടർമാർക്കും ജീവനക്കാർക്കുമായി നൽകിയത്.
ഡ്യൂട്ടിയിലായിരിക്കെ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത വേണം, ആരുടെയും അനാവശ്യ ശ്രദ്ധ ആകർഷിക്കരുത്, കുഴപ്പക്കാരെ സൂക്ഷിക്കണം എന്ന് തുടങ്ങി, ജോലി ചെയ്യുന്ന വനിതകൾക്ക് ഒട്ടും പ്രായോഗികമല്ലാത്ത ഈ നിർദേശങ്ങൾ വൻ പ്രതിഷേധമാണ് ക്ഷണിച്ച് വരുത്തിയത്. ഹോസ്റ്റൽ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണം, മുൻകൂട്ടി വിവരം അറിയിച്ചശേഷമേ രാത്രിയിൽ ഹോസ്റ്റലിൽനിന്നും പുറത്തു പോകാവൂ എന്നിങ്ങനെയുള്ള ഉപദേശങ്ങളും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ഒഴിവാക്കാനെന്ന പേരിൽ നൽകിയിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനുള്ള എമർജൻസി നമ്പറുകൾ എപ്പോഴും ഫോണിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചിരുന്നു. കോളജ് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ. ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ഡോക്ടർമാരുടേയും വിദ്യാർഥികളുടേയും മറ്റ് ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. വിവാദമായതോടെ സർക്കുലർ കോളേജ് പിൻവലിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here