മലപ്പുറത്ത് അസം ബാലന്‍ മരിച്ചത് വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റെന്ന് സംശയം; സ്ഥലം പാട്ടത്തിനെടുത്തയാള്‍ കസ്റ്റഡിയില്‍
മലപ്പുറം: പൂക്കോട്ടുപാടത്ത് അസം സ്വദേശികളുടെ മകന്‍ മരിച്ചത് വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റതിനാലാണെന്ന് സംശയം. പന്നിയെ തുരത്താന്‍ സ്ഥാപിച്ച കമ്പിവേലിയില്‍ വൈദ്യുതി എത്തിച്ചത് അനധികൃതമായാണെന്നും ആക്ഷേപമുണ്ട്.
ഇഷ്ടികകളത്തില്‍ താമസിച്ച് ജോലിചെയ്യുന്ന അസം ബാഗാരിച്ചാര്‍ സ്വദേശിയായ മുത്തലിബ് അലിയുടെയും സൗമാലയുടെയും മകന്‍ റഹ്‌മത്തുള്ള (13) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി നടത്തുന്ന അറയില്‍ ഉണ്ണികൃഷ്ണനെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു.
അമരമ്പലം സൗത്തിലെ ഇഷ്ടികകളത്തിന് സമീപം കൃഷിയിടത്തിലെ തോടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലാത്തതിനാല്‍ ഇഷ്ടികകളത്തിലെ തൊഴിലാളികള്‍ തിരച്ചില്‍ നടത്തിയിരുന്നു. പത്തരയോടെയാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ ഷോക്കേറ്റതിന്റെ അടയാളങ്ങള്‍ കണ്ടിരുന്നു.
കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റതാകാം മരണകാരണം എന്നതാണ് പ്രാഥമിക നിഗമനം. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സ്ഥലമാണിത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണത്തിന് കെഎസ്ഇബിയും ഒരുങ്ങുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here