രാഹുൽഗാന്ധിക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതിയില്ല; അയോധ്യ പ്രതിഷ്ഠാചടങ്ങിന് ശേഷം പ്രവേശനമെന്ന് അധികൃതര്‍; കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുല്‍
അസം : അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പോലീസ്. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കാമെന്നാണ് പോലീസ് രാഹുല്‍ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഇത് അവഗണിച്ച് എത്തിയ രാഹുലിനെ പോലീസ് തടഞ്ഞു.
ശീ ശ്രീ ശങ്കര്‍ദേവിന്റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് ചോദിച്ചു. എന്നാല്‍ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം പ്രവേശനം എന്ന നിലപാടിലാണ് പോലീസ്. ഇതോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയാണ് രാഹുല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സമ്മര്‍ദം മൂലമാണ് ക്ഷത്ര ദര്‍ശനം തടയുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അനുമതി നല്‍കിയ ശേഷം ഇത്തരമൊരു നിലപാടെടുത്തത് ശരിയായ നടപടിയല്ല. ദര്‍ശനത്തിന് അനുമതി നല്‍കുന്നതു വരെ പ്രതിഷേധം തുടരുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദര്‍ശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി അറിയിച്ചിരിക്കുന്നത്. അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവയിലാണ് ബട്ടദ്രവ സത്രം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here