‘ബലാത്സംഗം എന്താണെന്ന് ചോദിച്ചു, പിന്നാലെ അവളത് അനുഭവിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൂട്ടബലാത്സംഗത്തിലെ ഇരയുടെ ബന്ധു
പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം ഇരയാകുന്ന ബലാത്സംഗ കേസുകൾ ദിനംപ്രതി കൂടിവരുന്ന രാജ്യത്ത് കൊൽക്കത്തയിലെ ഡോക്ടറുടെ കേസ് ഉണ്ടാക്കിയ ഞെട്ടൽ മാറും മുൻപാണ് അസമിലെ കൂട്ടബലാത്സംഗം. 14 കാരി ഇരയായ കേസിനെ തുടർന്ന് വലിയ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയിൽ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതും വിവാദമായിട്ടുണ്ട്.
ഇങ്ങനെയെല്ലാം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കേസിലാണ് മനസാക്ഷിക്ക് മുന്നിൽ ചോദ്യങ്ങൾ ഉയർത്തുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ അടുത്ത ബന്ധു രംഗത്ത് എത്തിയത്. ബലാത്സംഗത്തിന് ഇരയാകുന്നതിന് രണ്ടു ദിവസം മുൻപ് അവൾ ചോദിച്ചു, ബലാത്സംഗം എന്താണെന്ന്.
“കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാർത്തകൾ വായിച്ചപ്പോഴാണ് ഇത് ചോദിച്ചത്. അവൾക്കിത് സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അവളെ സംരക്ഷിക്കുന്നതിൽ ഞങ്ങളെല്ലാം പരാജയപ്പെട്ടു”- കുട്ടിയുടെ ആൻ്റിയാണ് ‘ഇന്ത്യാ ടുഡേ’യോട് ഇത് പറഞ്ഞത്.
ഓഗസ്റ്റ് 22ന് തന്റെ വീടിനു ഒരു കിലോമീറ്റർ അകലെ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ ഒരുസംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ നാട്ടുകാരാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. അമ്മ മരിച്ച കുട്ടി മുത്തച്ഛനും മുത്തശിക്കുമൊപ്പമാണ് കഴിയുന്നത്. അച്ഛൻ ജോലിസ്ഥലത്ത് ആയിരുന്നു.
കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളായ തഫാസുൽ ഇസ്ലാം കൈവിലങ്ങുമായി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ആണ് പൊലീസ് അറിയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here