വെടിവയ്പും കൊല്ലപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാരും; ട്രംപിനെ വെടിവച്ച ഇരുപതുകാരനും കൊല്ലപ്പെട്ടു

മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റത് ലോകത്തേയും അമേരിക്കന്‍ ജനതയേയും ഞെട്ടിച്ച സംഭവമാണ്. ഏറ്റവും വലിയ സുരക്ഷാവലയത്തില്‍ സംരക്ഷിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരുമൊക്കെ ഇത്തരം ആക്രമണങ്ങള്‍ക്ക് നിരവധി തവണ വിധേയരായിട്ടുണ്ട്. ട്രംപിന് നേരെ വെടിവച്ച തോമസ് മാത്യൂക്രൂക്ക്‌സ് എന്ന 20 വയസുകാരനെ സീക്രട്ട് പോലീസ് സംഭവ സ്ഥലത്ത് തന്നെ വെടിവച്ച് കൊന്നു.

പ്രാദേശിക സമയം വൈകുന്നേരം 6:15 ഓടെയാണ് സംഭവം നടന്നത്, ഷൂട്ടര്‍ റാലി വേദിക്ക് പുറത്ത് ഉയര്‍ന്ന സ്ഥാനത്ത് നിന്ന് സ്റ്റേജിലേക്ക് ഒന്നിലധികം തവണ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചീറിപ്പാഞ്ഞുപോയ വെടിയുണ്ട ട്രംപിന്റെ ചെവിയുടെ ഭാഗത്ത് മുറിവുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉടന്‍ തന്നെ സീക്രട്ട് പോലീസ് ട്രംപിനെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. തിങ്കളാഴ്ച മില്‍വാക്കിയില്‍ നടക്കുന്ന റിപ്പബ്‌ളിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.

എഫ്ബിഐ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 20കാരനായ തോമസ് മാത്യൂക്രൂക്ക്‌സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവിയെന്നാണ് അയാളുടെ വോട്ടര്‍ ഐഡി കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പെന്‍സില്‍വാനിയയിലെ ബഥേല്‍ പാര്‍ക്കിലാണ് ഇയാളുടെ വീട്. സെമി ഓട്ടോമാറ്റിക് തോക്കുപയോഗിച്ചാണ് ഈ യുവാവ് ട്രംപിനെ വെടിവച്ചത്. സ്റ്റേജില്‍ നിന്ന് ഏകദേശം 130 അടി അകലെ നിന്നാണ് അയാള്‍ വെടിയുതിര്‍ത്തത്. തോമസ് മാത്യൂ വെടിവയ്ക്കാനുണ്ടായ കാരണം പോലീസ് പുറത്തു വിട്ടിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റുമാരെയും പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളേയും ആക്രമിച്ച നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ ഏറ്റവും സുരക്ഷിതനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിഡന്റിനെ വെടിവെച്ച് കൊന്നിട്ടുണ്ട്. ഇതാദ്യമായല്ല, ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വെടിയേല്‍ക്കുന്നത്.

1912 ഒക്ടോബര്‍ 14 ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന തിയോഡര്‍റൂസ് വെല്‍റ്റിന് നേരെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വെടിവപ്പുണ്ടായി. 1968 ജുണ്‍ 4ന് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടയില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന റോബര്‍ട്ട് എഫ് കെന്നഡി വെടിയേറ്റ് മരിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ സഹോദരനാണ് റോബര്‍ട്ട് കെന്നഡി. പ്രസിഡന്റായിരുന്ന കാലത്താണ് ജോണ്‍ എഫ് കെന്നഡി തുറന്ന കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിയേറ്റ് മരിക്കുന്നത്.

അമേരിക്കയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്ന ആന്‍ഡ്രു ജാക്‌സന് നേരെയാണ് ആദ്യമായി വധശ്രമമുണ്ടാകുന്നത്. ജനപ്രതിനിധി സഭയിലെ പ്രസിഡന്റിന്റെ ചേംബറില്‍ 1835 ജനുവരി 30 ന് പകല്‍ ജാക്‌സണ്‍ വിശ്രമിക്കുമ്പോഴാണ് അക്രമി വെടിവച്ചത്. ഭാഗ്യത്തിന് ഉന്നം തെറ്റിയതു കൊണ്ട് പ്രസിഡന്റിന് വെടിയേറ്റില്ല.

പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നാല് പേരാണ് ഔദ്യോഗിക പദവിയിലിരിക്കെ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഏബ്രഹാം ലിങ്കണ്‍ (1865)
ജെയിംസ് എ ഗാരി ഫീല്‍ഡ് ( 1881)
വില്യം മക്കിന്‍ലി (1901)
ജോണ്‍ എഫ് കെന്നഡി (1963) എന്നിവരാണ് കൊല്ലപ്പെട്ട പ്രസിഡന്റുമാര്‍.

ഔദ്യോഗിക പദവി വഹിച്ചിരുന്ന കാലത്ത് ആറ് പ്രസിഡന്റുമാര്‍ക്കെതിരെ വധശ്രമമുണ്ടായിട്ടുണ്ട്.

അമേരിക്കയുടെ 25-ാമത്തെ പ്രസിഡന്റായിരുന്ന വില്യം മക്കിന്‍ലിക്ക് 1901 സെപ്റ്റംബര്‍ 6ന് വെടിയേറ്റു, 14ന് അദ്ദേഹം മരണപ്പെട്ടു.

തിയോഡര്‍ റൂസ് വെല്‍റ്റിന് 1912 ഒക്ടോബര്‍ 12ന് വെടിയേറ്റെങ്കിലും രക്ഷപെട്ടു.

ഫ്രാങ്ക്‌ളിന്‍ റൂസ് വെല്‍റ്റിന് നേരെ 1933 ഫെബ്രുവരി 15ന് വധശ്രമമുണ്ടായി

ഹാരി എസ് ട്രൂമാന് നേരെ 1950 നവംബര്‍ 1ന് വധശ്രമമുണ്ടായി

ജെറാള്‍ഡ് ഫോര്‍ഡിന് നേരെ 1975 സെപ്റ്റംബര്‍ 22ന് വധശ്രമമുണ്ടായി.

റൊണാള്‍ഡ് റീഗന് നേരെ 1981 മാര്‍ച്ച് 30ന് വധശ്രമമുണ്ടായി, പരിക്കേല്‍ക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top