രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന; തിരഞ്ഞെടുപ്പുഫലം ഇന്നറിയാം
ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ഇതിൽ മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റി.
ബിജെപിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടിയ ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് ഫലങ്ങളിലാണ് ഏറെ ആകാംക്ഷ. 2018-ൽ മൂന്നിടത്തും മുന്നിലെത്തിയത് കോൺഗ്രസാണെങ്കിലും മധ്യപ്രദേശിൽ ഒരു വർഷത്തിനകം അട്ടിമറിയിലൂടെ ബിജെപി അധികാരത്തിലേറി.
ഭൂരിപക്ഷം എക്സിറ്റ് പോളുകളും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു. എന്നാൽ, ചില എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിനും സാധ്യത പറയുന്നു. ഭരണവിരുദ്ധവികാരം പ്രകടമാക്കാത്ത തരത്തിൽ ഛത്തീസ്ഗഢിൽ കോൺഗ്രസിന് തുടർഭരണമാണ് മിക്ക എക്സിറ്റ്പോളുകളും പ്രവചിച്ചിരിക്കുന്നത്.
തെലങ്കാനയിൽ ഭരണകക്ഷിയായ ബി.ആർ.എസിനെ അട്ടിമറിച്ച് കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് മിക്ക ഫലങ്ങളും പറയുന്നത്. മിസോറമിൽ മിസോ നാഷണൽഫ്രണ്ടും സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here