കൂട്ടായ നേതൃത്വമെന്ന് മോദിയും ഷായും; വസുന്ധരയും ശിവരാജ് സിംഗും സ്ഥാനാര്‍ഥി പട്ടികയിലുമില്ല; മധ്യപ്രദേശ്-രാജസ്ഥാന്‍ ബിജെപിയെ കാത്തിരിക്കുന്നത് കര്‍ണാടക മോഡല്‍ തിരിച്ചടിയോ?

ന്യൂഡല്‍ഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പുറത്താക്കി ഭരണം പിടിക്കാനും മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയ്ക്കുമാണ് ബിജെപി ലക്ഷ്യമാക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന നീക്കങ്ങളാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഏറ്റവും ശക്തരായ രണ്ട് നേതാക്കളെ ,മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യയെയും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് സംസ്ഥാനങ്ങള്‍ പിടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നത്. ഇതില്‍ എത്ര കണ്ട് ബിജെപിയ്ക്ക് വിജയിക്കാന്‍ കഴിയും എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

മോദി-ഷാ കാലത്തിന് മുന്‍പ് സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നേതാക്കളാണ് വസുന്ധര രാജെയും ശിവരാജ് സിംഗ് ചൗഹാനും. സ്വന്തം തട്ടകങ്ങളില്‍ ഒതുക്കപ്പെട്ട അവസ്ഥയാണ് ഇരു നേതാക്കള്‍ക്കുമുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാതെ കൂട്ടായ നേതൃത്വം എന്ന ആശയമാണ് നരേന്ദ്രമോദിയും അമിത് ഷായും മുന്നോട്ട് വയ്ക്കുന്നത്. വസുന്ധരയെയും ചൗഹാനെയും ചിത്രത്തില്‍ നിന്നും ഔട്ടാക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി സ്വന്തം സംസ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന നേതാക്കളാണ് പിന്‍നിരയിലേക്ക് മാറ്റപ്പെടുന്നത്. ബിജെപിയ്ക്ക് ഈ സംസ്ഥാനങ്ങളില്‍ എത്രമാത്രം മുന്നോട്ട് പോകാന്‍ കഴിയുമെന്നതാണ് പ്രസക്തമായ ചോദ്യം.

അമിത് ഷാ പാർട്ടി പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിച്ച് കൂട്ടി തീരുമാനങ്ങള്‍ എടുക്കുന്നു. നരേന്ദ്ര മോദി റാലികളെ അഭിസംബോധന ചെയ്യുന്നു. അതേസമയം ഉന്നത സംസ്ഥാന നേതാക്കളെ എവിടെയും കാണാനില്ല. തിരഞ്ഞെടുപ്പ് റാലികളിലെ അവരുടെ സാന്നിധ്യവും നാമമാത്രമാണ്. ശിവരാജ് ചൗഹാനെയോ വസുന്ധര രാജെയെയോ മുഖ്യമന്ത്രി സ്ഥാനാർഥികളായി ഉയർത്തിക്കാട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രണ്ട് നേതാക്കളെയും ബി.ജെ.പി നേതൃത്വം സ്വന്തം തട്ടകത്തിൽ വീഴ്ത്തുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്. സംസ്ഥാന സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇതുവരെ ഇരുവരുടെയും പേര് പ്രത്യക്ഷപ്പെട്ടിട്ടില്ല. പേര് വരുമോ എന്ന് കൂടി ഉറപ്പ് പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്ക് മുന്നിലുള്ളത്.

രാജസ്ഥാനില്‍ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ പിൻഗാമിയായാണ്‌ വസുന്ധര ഉയര്‍ന്നുവന്നത്. രണ്ട് തവണ രാജസ്ഥാന്റെ മുഖ്യമന്ത്രിയായ വസുന്ധര രാജസ്ഥാനിലെ ഏറ്റവും ശക്തമായ ബഹുജന അടിത്തറയുമുള്ള ബിജെപിയുടെ ഒരേയൊരു കരിസ്മാറ്റിക് നേതാവാണ്. വസുന്ധരയെ മാറ്റി നിര്‍ത്തുമ്പോള്‍ അവര്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന ബഹുജന അടിത്തറയുള്ള നേതാക്കളില്ലെന്നതാണ് ബിജെപി നേരിടുന്ന പ്രശ്നം. ഇപ്പോള്‍ ബിജെപി ഉയര്‍ത്തിക്കൊണ്ട് വന്ന അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സതീഷ് പുനിയ, സി പി ജോഷി, ഓം ബിർള എന്നിവരാരും വസുന്ധര രാജെയ്ക്ക് തുല്യരല്ല. പല സംസ്ഥാന നേതാക്കള്‍ക്കും അവരുടെ മണ്ഡലത്തിന് പുറത്ത് സ്വാധീനമില്ലാത്ത അവസ്ഥയാണ്. ഇതെല്ലാം ബിജെപിയ്ക്ക് മുന്‍പില്‍ തിരിച്ചടിയായി നില്‍ക്കുകയാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടുമായി രഹസ്യ രാഷ്ട്രീയ ബന്ധം വസുന്ധരയ്ക്കുണ്ടെന്ന ആരോപണം അവര്‍ക്ക് വലിയ തിരിച്ചടിയായി മാറി. സംസ്ഥാനത്ത് ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്രയുടെ അവസാനഘട്ടത്തില്‍ വസുന്ധര രാജെ വിട്ടുനിന്നത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കി. വസുന്ധരയ്‌ക്കെതിരെ ഉയര്‍ന്ന പല ആരോപങ്ങളും ഗൗരവത്തോടെ നേരിടാന്‍ ഗെലോട്ട് തയ്യാറായതുമില്ല. രണ്ടും കൂട്ടി വായിക്കപ്പെട്ടു. രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഈ വിഷയം സജീവമായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗെലോട്ടിന്‍റെ തട്ടകമായ സര്‍ദാര്‍പുരയില്‍ ബിജെപി നിര്‍ത്താന്‍ പോകുന്നത് വസുന്ധര രാജ സിന്ധ്യയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

വസുന്ധര മത്സരിക്കുന്നതോടെ ഗെലോട്ടിനെ മണ്ഡലത്തില്‍ മാത്രമായി തളച്ചിടാനാവുമെന്നാണ് ബിജെപി കരുതുന്നത്. വസുന്ധരയില്ലെങ്കില്‍ കേന്ദ്ര മന്ത്രിയും ജോധ്പൂര്‍ എംപിയുമായ ഗജേന്ദ്ര ഷെഖാവത്തിനെ മത്സരിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയ്ക്ക് രാജസ്ഥാന്‍ തിരികെ പിടിക്കാന്‍ കഴിയുമോ എന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു.

രാജസ്ഥാനില്‍ വസുന്ധര രാജെ നേരിടുന്ന അതേ പ്രശ്നമാണ് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനും നേരിടുന്നത്. ഇക്കുറി കേന്ദ്ര കാബിനറ്റ് മന്ത്രി നരേന്ദ്ര സിംഗ് തോമറും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയയുമൊക്കെയാണ് ശിവരാജ് ചൗഹാന് പകരം മുഴങ്ങിക്കേള്‍ക്കുന്ന പേരുകള്‍. കോൺഗ്രസിൽ നിന്ന് ഇറക്കുമതി ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ മൂന്ന് വർഷം മുമ്പ് ബിജെപിയിൽ ചേർന്നത് മുതൽ ചൗഹാന് തിരിച്ചടിയാണ്. ഉമാഭാരതിയുടെ പതനത്തിന് ശേഷം മധ്യപ്രദേശിൽ ബിജെപി വീണ്ടും വിജയിച്ചതിന്റെ ക്രെഡിറ്റ് അർഹിക്കുന്ന നേതാവാണ് ചൗഹാന്‍. 10 വർഷത്തെ ദിഗ്‌വിജയ് സിങ്ങിന്റെ കോൺഗ്രസ് സർക്കാരിന് ശേഷം 2003ൽ ബിജെപി വൻ വിജയം നേടി. ബാബു ലാൽ ഗൗറിന്റെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, സംസ്ഥാനത്ത് പാർട്ടിയെ നയിക്കാനുള്ള ചുമതല ശിവരാജ് ചൗഹാനെയാണ് ഏല്‍പ്പിച്ചത്. അദ്ദേഹം അത് ധീരമായി ഏറ്റെടുത്തു, പാർട്ടിയുടെ മേൽ തന്റെ പിടി ഉറപ്പിക്കുക മാത്രമല്ല, രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും 13 വർഷം മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.

മോദി കാലത്തിന് മുന്‍പ് ദേശീയ റോളിലേക്ക് ബിജെപിയില്‍ നിന്നും വിരല്‍ ചൂണ്ടപ്പെട്ടത് ശിവരാജ് സിംഗ് ചൗഹാന്‍റെ പേരായിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാത്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പതനം ആരംഭിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പിളര്‍ത്തി ബിജെപിയിലേക്ക് വന്നതിനാലാണ് മധ്യപ്രദേശില്‍ വീണ്ടും ബിജെപി ഭരണം വരാനും ചൗഹാന് മുഖ്യമന്ത്രിയാകാനും കഴിഞ്ഞത്. യോഗി ആദിത്യനാഥിനെപ്പോലുള്ള പുതിയ നേതാക്കളോട് മത്സരിക്കേണ്ടി വരുകയും അവരുടെ ഭരണശൈലി അനുകരിക്കുകയും ചെയ്യേണ്ട അവസ്ഥയാണ്അദ്ദേഹത്തിന് നേരിടേണ്ടിയും വന്നു.

ഇക്കുറി നാലാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ ചൗഹാന് ആത്മവിശ്വാസമില്ലായിരുന്നു. ഇത് ഭരണത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചേക്കില്ല. പകരം കേന്ദ്രത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണുള്ളത്. ബിജെപി പ്രതീക്ഷയോടെ കാക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ ഒരു തിരിച്ചടി പാര്‍ട്ടി ഭയക്കുന്നുമുണ്ട്. കര്‍ണാടക മോഡല്‍ തിരിച്ചടി വരുമോ എന്ന ആശങ്കയും പാര്‍ട്ടിയ്ക്ക് ഒപ്പമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top